
തിരുവനന്തപുരം: കേരളത്തില് എസ്എസ്എല്സി പാസായി ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പ്രസ്താവനയെ പര്വ്വതീകരിക്കേണ്ടതില്ലെന്ന് സജി ചെറിയാന് എംഎല്എ. താന് ഒരു കാര്യം പറഞ്ഞു, അതില് ചര്ച്ച നടക്കട്ടെ. ഇതൊരു ജനാധിപത്യ രാജ്യമല്ലേയെന്നും സജി ചെറിയാന് നിയമസഭയില് പറഞ്ഞു. വിഷയത്തില് എല്ദോസ് കുന്നപ്പിള്ളി എംഎല്എയുടെ ചോദ്യത്തിന് വി ശിവന്കുട്ടി മറുപടി പറഞ്ഞതിന് പിന്നാലെയാണ് സജി ചെറിയാന്റെ വിശദീകരണം. അപ്പോഴും 'വിവാദ' പ്രസ്താവന തിരുത്താന് സജി ചെറിയാന് തയ്യാറായില്ല.
'പത്താം ക്ലാസ് പാസായ ചില കുട്ടികള്ക്ക് എഴുത്തും വായനയും അറിയില്ല. അതില് ഒരു കുട്ടി എന്റെ വീട്ടില് വന്ന് ഒരു അപേക്ഷ എനിക്ക് തന്നു. അപേക്ഷ വായിച്ചപ്പോള് അക്ഷരതെറ്റ് വ്യാപകമായിരുന്നു. അപ്പോള് ഉണ്ടായ പ്രയാസത്തിലാണ് പ്രസംഗത്തിലെ പരാമര്ശം. കേരളത്തില് മൊത്തത്തില് പ്രശ്നം ഉണ്ടാക്കേണ്ടതില്ല. പര്വ്വതീകരിക്കേണ്ടതില്ല. ഞാന് ഒരു കാര്യം പറഞ്ഞു. അതില് ചര്ച്ച നടക്കട്ടെ. ജനാധിപത്യ രാജ്യമല്ല.' എന്നായിരുന്നു സജി ചെറിയാന്റെ മറുപടി.
പത്താംക്ലാസ് പാസായ കുട്ടികള്ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന നയം സര്ക്കാരിനില്ലെന്നാണ് ശിവന്കുട്ടി സഭയില് പറഞ്ഞത്. കുട്ടികള് നന്നായി പഠിച്ചാണ് പരീക്ഷയെഴുതി വിജയിച്ചു വരുന്നത്. സജി ചെറിയാന് പ്രസംഗത്തിന്റെ ഒഴുക്കിന് പറഞ്ഞതാണ്. ഗൗരവമായി എടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നു മുതല് 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ അക്കാദമിക് നിലവാരം ഉയര്ന്നാനുള്ള നടപടികള് ആരംഭിച്ചുകഴിഞ്ഞു. അധ്യാപകര്ക്ക് ശില്പ്പശാല ഉള്പ്പെടെ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
മന്ത്രി സജി ചെറിയാന് നടത്തിയ പ്രസംഗത്തിലെ ചില പരാമര്ശങ്ങള് അടര്ത്തി എടുത്താണ് ഇപ്പോള് വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാല് പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല് ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്നായിരുന്നു വിഷയത്തില് നേരത്തെ മന്ത്രി പ്രതികരിച്ചത്.