പാസഞ്ചർ ട്രെയിൻ എത്തി, പാതി ആശ്വാസം; ഉത്തര മലബാറിലെ യാത്രാദുരിതം എന്ന് അവസാനിക്കും?

ആഴ്ച അവധി ദിനങ്ങളിൽ പുതിയ ട്രെയിനില്ലാത്തതും പരശുറാം എക്സ്പ്രസ് അടക്കമുള്ള വണ്ടികൾ കോഴിക്കോട് പിടിച്ചിടുന്നതും തുടരുന്നത് വലിയ പ്രതിസന്ധിയാണ് യാത്രക്കാർക്ക് ഉണ്ടാക്കുന്നത്.

dot image

കോഴിക്കോട്: കണ്ണൂർ - ഷൊർണൂർ റൂട്ടിൽ പ്രഖ്യാപിച്ച പുതിയ പാസഞ്ചർ ട്രെയിൻ ഉത്തര മലബാറിലെ യാത്രാദുരിതത്തിന് പാതി ആശ്വാസമാകുമെന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ ആഴ്ച അവധി ദിനങ്ങളിൽ പുതിയ ട്രെയിനില്ലാത്തതും പരശുറാം എക്സ്പ്രസ് അടക്കമുള്ള വണ്ടികൾ കോഴിക്കോട് പിടിച്ചിടുന്നതും തുടരുന്നത് വലിയ പ്രതിസന്ധിയാണ് യാത്രക്കാർക്ക് ഉണ്ടാക്കുന്നത്. ജനകീയ ട്രെയിനായി അറിയപ്പെടുന്ന ജനശതാബ്ദിയാകട്ടെ എല്ലാ ദിവസവും സർവ്വീസ് ഇല്ല.

ജനശതാബ്ദിയുടെ സർവ്വീസ് എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ അത് വടക്കൻ മലബാറിലെ ജനങ്ങൾക്ക് വലിയ സഹായമാകുമായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. പരശുറാം എക്സ്പ്രസ് ഒരു മണിക്കൂറാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുക. നാഗർകോവിലിൽനിന്ന് പുറപ്പെടുന്ന വണ്ടിയാണ് പകൽ 3.50 മുതൽ 5.02 വരെ കോഴിക്കോട് അകാരണമായി കാത്തുകിടക്കുന്നത്. കേരളത്തിന്റെ തെക്കേയറ്റത്തുനിന്ന് പുലർച്ചെ പുറപ്പെട്ട യാത്രക്കാരോട് ചെയ്യുന്ന ക്രൂരതയുടെ ന്യായീകരണം റെയിൽവേ ഇന്നുവരെയും വിശദീകരിച്ചിട്ടില്ല. വടക്കോട്ടേക്ക് വൈകിട്ടത്തെ പതിവുയാത്രക്കാർക്കുവേണ്ടിയാണ് പിടിച്ചിടൽ എന്നാണ് അനൗദ്യോഗിക ഭാഷ്യം.

ഷൊർണൂർ -കണ്ണൂർ റൂട്ടിലെ പുതിയ വണ്ടി കോഴിക്കോട്ടുനിന്ന് പുറപ്പെടുന്നത് 5.30നാണ്. പരശുറാമിന്റെ സമയക്രമം അൽപം പരിഷ്കരിച്ച് നാലരയ്ക്ക് മുമ്പായി പുറപ്പെടുംവിധം ക്രമീകരിച്ചാൽ യാത്രക്കാർക്ക് വലിയ ഉപകാരമാവും.

അതേസമയം, മലബാറിലെ ട്രെയിൻ യാത്രാദുരിതം ചർച്ച ചെയ്യാൻ മന്ത്രി വി അബ്ദുറഹ്മാൻ വിളിച്ച ഉന്നതല യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ ആണ് യോഗം. സതേൺ റെയിൽവേ പ്രതിനിധികളും തിരുവനന്തപുരം ഡിവിഷണൽ മാനേജറും പാലക്കാട് അഡിഷണൽ ഡിവിഷണൽ മാനേജറും യോഗത്തിൽ പങ്കെടുക്കും. വടക്കൻ മലബാറിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുക, ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കുക, പുതുതായി അനുവദിച്ച ഷോർണൂർ കണ്ണൂർ പാസഞ്ചർ കാസർഗോഡ് വരെ നീട്ടുക എന്നിവയാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ. കൊവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ റെയിൽവേ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്നും ഇന്നലെ നിയമസഭയിൽ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന ഉന്നത യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കും. പിന്നാലെ കേന്ദ്രമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image