
തിരുവനന്തപുരം: എകെജി സെന്റര് ആക്രമണത്തിന് പിന്നില് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന് കെ സുധാകരനാണെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്. ആസൂത്രിതമായ ആക്രമണത്തിന് പിന്നില് കോണ്ഗ്രസാണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററിന് നേരെ ഉണ്ടായ ബോംബേറില് പ്രതിയായ സുഹൈല് ഷാജഹാന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇ പി ജയരാജന്റെ പ്രതികരണം.
ആസൂത്രിതമായ ആക്രമണത്തിന് പിന്നില് കോണ്ഗ്രസാണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ഇ പി ജയരാജനാണ് പിന്നില് എന്നായിരുന്നു കെ.സുധാകരന് പറഞ്ഞത്. കേസിലെ പ്രതി സുഹൈല് ഷാജഹാന് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില് കരിങ്കൊടി കാണിച്ച അന്ന് വലതു ഭാഗത്ത് സീറ്റില് ഉണ്ടായിരുന്നു. വിമാനത്തില് മുഖ്യമന്ത്രിയെ അക്രമിക്കാനുള്ള സംഘത്തില് ഇയാളും ഉണ്ടായിരുന്നു. സുധാകരന്റെ അടുത്ത അനുയായിയാണ് സുഹൈല് ഷാജഹാന്. സംഭവത്തിന് പിന്നില് കെ സുധാകരനാണെന്നും ഇ പി ജയരാജന് പറഞ്ഞു.
കേന്ദ്ര കമ്മറ്റി യോഗത്തില് പാര്ട്ടി ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയെ വിമര്ശിച്ചു എന്ന വാര്ത്ത ഇ പി ജയരാജന് തള്ളി. വ്യാജ വാര്ത്തയാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ചര്ച്ചയില് കെ രാധാകൃഷ്ണനും താനും പങ്കെടുത്തിട്ടില്ല. ഒരു വാക്ക് പോലും യോഗത്തില് സംസാരിച്ചിട്ടില്ല. തെറ്റായ വാര്ത്തക്കെതിരെ വക്കീല് നോട്ടീസ് അയക്കും. വാര്ത്ത പിന്വലിച്ച് മാപ്പ പറയണം. പ്രസ് കൗണ്സില് ഓഫ് ഇന്ത്യയെ സമീപീക്കും. തന്നെ കരുവാക്കി പ്രസ്ഥാനത്തെ നശിപ്പിക്കാന് ശ്രമിക്കുന്നുവെന്നും ഇ പി ജയരാജന് പറഞ്ഞു.
മനു തോമസ് വിവാദത്തോട് പ്രതികരിക്കാതെ ഇ പി ജയരാജന് ഒഴിഞ്ഞുമാറി. അതൊക്കെ മുന്നേ പറഞ്ഞതാണെന്നായിരുന്നു മറുപടി. കണ്ണൂര് വിവാദത്തിലെ വിമര്ശനം നല്ല ഉദ്ദേശത്തോടെയാണോ എന്ന് ബിനോയ് വിശ്വത്തോട് തന്നെ ചോദിക്കണമെന്നും കൂടുതല് പറയാനില്ലെന്നും ഇ പി ജയരാജന് കൂട്ടിച്ചേര്ത്തു.