
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള് റിപ്പോര്ട്ട് ചെയ്യാനുള്ള സിപിഐഎമ്മിന്റെ രണ്ടാമത്തെ മേഖല യോഗം ബുധനാഴ്ച കൊച്ചിയില് നടക്കും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില് നിന്നുള്ള ലോക്കല് സെക്രട്ടറിമാര് മുതലുള്ള നേതാക്കള് പങ്കെടുക്കും. പാര്ട്ടി ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില് പങ്കെടുക്കും.
ചൊവ്വാഴ്ചയാണ് ആദ്യ മേഖല യോഗം കണ്ണൂരില് നടന്നത്. യോഗത്തില് പിബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എന്നിവര് യോഗത്തില് പങ്കെടുത്തു. കേരളത്തിലെ സിപിഐഎമ്മിന് ത്രിപുരയും ബംഗാളും പാഠമാകണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ വളര്ച്ച ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
പെന്ഷന് മുടങ്ങിയത് തിരഞ്ഞെടുപ്പില് തിരിച്ചടിയായെന്ന് പാര്ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. സര്ക്കാര് ജീവനക്കാര് എല്ഡിഎഫിൽ നിന്ന് മാറി. മുസ്ലിം വോട്ടുകള് ഏകീകരിക്കപ്പെട്ടു. ജാതീയമായ വേര്തിരിവും പ്രകടമായിരുന്നു. ബൂത്ത് തല കണക്കും വിലയിരുത്തലും തെറ്റി. പാര്ട്ടി നേതൃത്വം ജനങ്ങളില് നിന്ന് അകന്നു. അമിത ആത്മവിശ്വാസം തിരിച്ചടിയായി. തിരുത്തല് ബൂത്ത് തലത്തില് നിന്ന് തുടങ്ങണം. പാര്ട്ടി കേഡര്മാര് സ്വയം വിമര്ശനത്തിന് തയ്യാറാകണമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
എസ്എഫ്ഐക്കെതിരെയും വ്യാപക വിമര്ശനമാണ് യോഗത്തില് എംവി ഗോവിന്ദന് നടത്തിയത്. എസ്എഫ്ഐയുമായി ബന്ധപ്പെട്ട വിവാദങ്ങള് തെരഞ്ഞെടുപ്പില് ഇടതുപക്ഷത്തിന് വോട്ട് കുറയാന് കാരണമായി. എസ്എഫ്ഐ നേതാക്കളുടെ പെരുമാറ്റം നന്നാക്കണമെന്നും എം വി ഗോവിന്ദന് വിമര്ശിച്ചു.