
ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ കല കൊല്ലപ്പെട്ടതെന്ന അനുമാനത്തിൽ പൊലീസ് മുന്നോട്ട് പോകുമ്പോൾ ഭർത്താവായിരുന്ന അനിൽ സംശയത്തിന്റെ നിഴലിലാണ്. നിലവിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിൽ കലയെ കാണാതായതിന് ശേഷം മറ്റൊരു വിവാഹം കഴിച്ചിരുന്നു. കലയുടെ തിരോധാനം കൊലപാതകമാണോ എന്നതില് കഴിഞ്ഞ പതിനഞ്ച് വർഷക്കാലം സംശയത്തിന് പോലും ഇടമില്ലായിരുന്നു. കലയെ കാണാതായതോടെ, അവർ അനിലിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്ന് പ്രചരിച്ചിരുന്നുവെന്ന് നാട്ടുകാർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. എന്നാൽ കലയും അനിലും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ല. പെട്ടെന്നൊരു സുപ്രഭാതത്തിൽ കാണാതായെന്ന് പറഞ്ഞുകേട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രദേശവാസി പറയുന്നു.
രണ്ട് ജാതിയിൽപ്പെട്ടവരായിരുന്ന കലയുടെയും അനിലിന്റെയും പ്രണയവിവാഹമായിരുന്നു. രണ്ട് വീട്ടുകാരുടെയും എതിർപ്പ് അവഗണിച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം അനിൽ വിദേശത്തേക്ക് പോയതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. വൈകാതെ കലയെ കാണാതായി. കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് പിന്നീട് അനിൽ പൊലീസിൽ മൊഴി നൽകിയത്. ഇത് പിന്നീട് സത്യമെന്നോണം നാട്ടിലുടനീളം പ്രചരിച്ചു. ഇതോടെ തിരോധാനക്കേസിലെ അന്വേഷണവും അവസാനിച്ചു.
എന്നാൽ 15 വർഷത്തിനിപ്പുറം അനിലിന്റെ ബന്ധുക്കളായ നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പൊലീസിന് നിരന്തരമായി ലഭിച്ച ഊമക്കത്തുകളിൽ നിന്നാണ് കലയുടേത് തിരോധാനമല്ല, കൊലപാതകമാണെന്ന അനുമാനത്തിൽ പൊലീസ് എത്തിയതും തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനിലിന്റെ നാല് ബന്ധുക്കൾ അറസ്റ്റിലാകുന്നതും.
കലയെ കൊലപ്പെടുത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴും പരിശോധന തുടരുകയാണ്. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ അരിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതിൽ വ്യക്തത വരുത്താനാകൂ. ഇലന്തൂർ നരബലിക്കേസിലടക്കം മൃതദേഹം പുറത്തെടുക്കാൻ പൊലീസിന് സഹായമായിരുന്ന സോമൻ ആണ് ഈ കേസിലും സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശോധന നടത്തുന്നത്.
സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; പരിശോധനയിൽ വഴിത്തിരിവ്