
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രിയുടെ മുന് പൊളിറ്റിക്കല് സെക്രട്ടറിയും ദേശാഭിമാനി എഡിറ്ററുമായ പുത്തലത്ത് ദിനേശൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന് നിയമസഭയിൽ ലീഗ് എംഎൽഎയുടെ മറുപടി. 'നീ പോ മോനെ ദിനേശാ' എന്ന് സഭയിൽ എൻ ഷംസുദ്ദീൻ തിരിച്ചടിച്ചു. മുസ്ലിം ലീഗ് മതരാഷ്ട്ര വാദികളുടെ മുദ്രാവാക്യം ഉയർത്തുന്നു എന്നായിരുന്നു പുത്തലത്ത് ദിനേശൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ ആരോപിച്ചിരുന്നത്. ഈ വിമർശനങ്ങൾക്കാണ് നരസിംഹം എന്ന ചിത്രത്തിലെ ഒറ്റ ഡയലോഗ് ഉപയോഗിച്ച് ഷംസുദ്ദീൻ മറുപടി നൽകിയിരിക്കുന്നത്.
'മുസ്ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ടു, കൂട്ടുകൂടാന് പറ്റാത്തവരുമായി കൂട്ടുകൂടുന്നു'വെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ ചുവട് പിടിച്ചായിരുന്നു പുത്തലത്ത് ദിനേശന്റെ ലേഖനം. 'ലീഗിൻ്റെ ചുവടുമാറ്റവും സിപിഐഎം നിലപാടും' എന്ന തലക്കെട്ടിലാണ് പുത്തലത്ത് ദിനേശൻ്റെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.
''മുസ്ലിം ലീഗ് ഇപ്പോള് ചെയ്യുന്നത് മുസ്ലിം സമുദായത്തിനകത്ത് ഉയര്ന്നുവരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരെ ദുര്ബലപ്പെടുത്തുന്നവിധം മതരാഷ്ട്രവാദികളുമായി സഖ്യം ചേരുകയും അവരുടെ അജണ്ട പ്രചരിപ്പിക്കലുമാണ്. കമ്യൂണിസ്റ്റുകാര് മതനിരാസരാണെന്ന ലീഗ് പ്രസിഡന്റിന്റെ പ്രസ്താവനയും ഈ ഇടപെടലും മുസ്ലിം ലീഗിനെ മതരാഷ്ട്രവാദികളുടെ പാളയത്തിലേക്കെത്തിക്കാന് മാത്രമേ സഹായിക്കുകയുള്ളൂവെന്ന് തിരിച്ചറിയണം. സങ്കുചിത രാഷ്ട്രീയ താല്പ്പര്യത്തിന്റെ ഭാഗമായി ഇത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തില് കോണ്ഗ്രസ് സ്വീകരിക്കുന്നത്. ഈ നയങ്ങള്ക്കെതിരെ മതനിരപേക്ഷവാദികള് രംഗത്തുവരണം. ബിജെപിക്കെതിരായുള്ള പ്രതിരോധത്തിന് ഇത് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്'', എന്ന രൂക്ഷ വിമര്ശനമാണ് ലേഖനത്തില് പുത്തലത്ത് ദിനേശന് ലീഗിനെതിരെ ഉന്നയിച്ചിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില് സിപിഐഎമ്മിന്റെ ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷ വോട്ടുകള് നഷ്ടപ്പെടുന്നതിന് കാരണമായെന്ന് നേരത്തെ വിലയിരുത്തലുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത സിപിഐഎം നേതൃയോഗത്തിന് പിന്നാലെയായിരുന്നു മുസ്ലിം ലീഗിനെതിരായ പിണറായി വിജയന്റെ വിമര്ശനം. ഇതിന് പിന്നാലെയായിരുന്നു ദേശാഭിമാനിയിലെ ലേഖനവും.