ബിനോയ് വിശ്വത്തിന്റെ പ്രതികരണം 'ചൊടിപ്പിച്ചു'; രാഷ്ട്രീയമായി മറുപടി നല്കാന് സിപിഐഎം

കണ്ണൂരില് നിന്നുള്ള സ്വര്ണ്ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള് ചൊങ്കൊടിക്ക് അപമാനമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

dot image

തിരുവനന്തപുരം: കണ്ണൂര് സ്വര്ണ്ണക്കടത്ത്, ക്വട്ടേഷന് വിവാദങ്ങളില് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്ശനങ്ങളില് സിപിഐഎമ്മിന് അതൃപ്തി. വിമര്ശനങ്ങളില് സിപിഐഎം സംസ്ഥാന നേതൃത്വം മറുപടി നല്കും. കണ്ണൂര് ജില്ലാ സെക്രട്ടറിയേറ്റ് ചേര്ന്ന് വിവാദം ഒത്തുതീര്ക്കാന് സിപിഐഎം ശ്രമം നടത്തികൊണ്ടിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറി നടത്തിയ പ്രതികരണം വിഷയം മൂര്ച്ഛിക്കാന് കാരണമായെന്ന വിലയിരുത്തലിലാണ് സിപിഐഎം. ഈ സാഹചര്യത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയോ, സംസ്ഥാന നേതൃത്വത്തിലെ മറ്റാരെങ്കിലുമോ രാഷ്ട്രീയമായി മറുപടി നല്കാമെന്ന തീരുമാനത്തിലെത്തിയത്.

ഇത് സംബന്ധിച്ച് സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജനെ റിപ്പോര്ട്ടര് ടിവി പ്രതികരണത്തിനായി ബന്ധപ്പെട്ടിരുന്നു. താന് വിഷയത്തില് മറുപടി പറയുന്നില്ലെന്നും സംസ്ഥാന നേതൃത്വം പ്രതികരിച്ചേക്കുമെന്നുമാണ് എം വി ജയരാജന് വ്യക്തമാക്കിയത്.

കണ്ണൂരില് നിന്നുള്ള സ്വര്ണ്ണം പൊട്ടിക്കലിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള് ചൊങ്കൊടിക്ക് അപമാനമാണെന്നായിരുന്നു ശനിയാഴ്ച്ച ബിനോയ് വിശ്വം വ്യക്തമാക്കിയത്. കേരളത്തിലെ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന കാര്യമാണ് താന് പറഞ്ഞത്. എല്ഡിഎഫ് ശക്തിപ്പെട്ടേ തീരൂ. എല്ഡിഎഫിന് മേല് വിശ്വാസമര്പ്പിച്ച ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ടുപോയെ പറ്റൂ. എല്ഡിഎഫിനെ ശക്തിപ്പെടുത്താന് വേണ്ടി ആവശ്യമായ തീരുത്തലുകള്ക്ക് വേണ്ടി സിപിഐഎമ്മും സിപിഐയും ശ്രമിക്കുന്ന വേളയില് ശരിയായ കാഴ്ച്ചപ്പാടാണ് തങ്ങള് പറഞ്ഞത്. അതിനപ്പുറം അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

'സ്വര്ണം പൊട്ടിക്കലിന്റെ കഥകള്, അധോലോക അഴിഞ്ഞാട്ടങ്ങള് അത് ചെങ്കൊടിയുടെ മറവിലില്ല. കരിവള്ളൂരിലും ഒഞ്ചിയത്തും അടക്കം ഒരുപാട് പേര് ചോര കൊടുത്തുണ്ടാക്കിയ പാര്ട്ടിയാണ്. ആ ചോരയുടെ നിറമാണ് ചെങ്കൊടിക്കുള്ളത്. അതിന്റെ കീഴില് അധോലോക സംസ്കാരം വളരാന് പാടില്ലയെന്ന നിലപാട് സിപിഐക്കുണ്ട്. ആ നിലപാട് സിപിഐഎമ്മിനും ഉണ്ടാകണം' എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

https://www.youtube.com/watch?v=SB0ItV2AUgg&t=266s
dot image
To advertise here,contact us
dot image