
കണ്ണൂര്: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചര്ച്ചകളും ആരംഭിച്ചിട്ടില്ലെന്ന് രാഹുല് മാങ്കൂട്ടത്തില്. ഉയര്ന്നുകേള്ക്കുന്ന പേരുകള് ഊഹാപോഹങ്ങളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുന് സിപിഐഎം നേതാവ് മനു തോമസ് ഉന്നയിച്ച ആരോപണങ്ങളിലും രാഹുല് വിമര്ശനമുന്നയിച്ചു. എങ്ങനെയാണ് ഒരു പാര്ട്ടിക്ക് സ്വര്ണം പൊട്ടിക്കല് മാഫിയയുമായി ബന്ധമുണ്ടാകുന്നത്. കണ്ണൂര് വിമാനത്താവളം കേന്ദ്രീകരിച്ച് വലിയ മാഫിയ പ്രവര്ത്തിക്കുന്നു. സ്വര്ണം പൊട്ടിക്കല് കമ്മീഷനായി സംസ്ഥാന യുവജന കമ്മീഷന് മാറിയെന്നും രാഹുല് ആരോപിച്ചു. ജൂലൈ ഒന്നിന് യുവജന കമ്മിഷന് ആസ്ഥാനത്തേക്ക് യൂത്ത് കോണ്ഗ്രസ് മാര്ച്ച് നടത്തും. കമ്യൂണിസ്റ്റ് പാര്ട്ടി പ്രവര്ത്തകര് തിരുത്തല് ശക്തിയായി വളരണം. സിപിഐഎം തകര്ന്നാല് ബിജെപി ശക്തിപ്പെടും. അങ്ങനെ സംഭവിക്കരുത്. മനു തോമസിനെ പ്രകോപിപ്പിച്ചാല് കൂടുതല് വെളിപ്പെടുത്തലുകള് ഉണ്ടാകും. ഇതുകൊണ്ടാണ് പി ജയരാജന് മിണ്ടാതിരിക്കുന്നത്. കൂടെക്കിടന്നവനെ രാപ്പനി അറിയുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില് ജില്ലയില് നിന്ന് തന്നെ സ്ഥാനാര്ത്ഥി വേണമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ ആവശ്യം. ഇത്തരമൊരു ആവശ്യം കെപിസിസിയുടെ ശ്രദ്ധയിപ്പെടുത്തിയതിന്റെ കാരണങ്ങളും ജില്ലയിലെ കോണ്ഗ്രസ് നേതാക്കള് വ്യക്തമാക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് സാധ്യത തെളിഞ്ഞത് മുതല് ആരംഭിച്ചതാണ് പാലക്കാട്ടെ കോണ്ഗ്രസിനകത്തെ തര്ക്കം. ഷാഫി പറമ്പിലിന്റെ പിന്ഗാമിയായി യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല് മാങ്കുട്ടത്തിലിനെ പാലക്കാട് എത്തിക്കാന് ഒരു വിഭാഗം ശ്രമിക്കുമ്പോള്, ജില്ലയില് നിന്ന് തന്നെ ഒരു സ്ഥാനാര്ത്ഥി വേണമെന്നാണ് ജില്ലയിലെ മുതിര്ന്ന കോണ്ഗ്രസ് നേതാക്കളുടെയടക്കം ആവശ്യം. ഈ അവസരത്തിലാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്ച്ച നടന്നിട്ടില്ലെന്ന് രാഹുല് വെളിപ്പെടുത്തിയത്.
രാഹുല് മാങ്കൂട്ടത്തില് സ്ഥാനാര്ത്ഥിയായി എത്തുന്നതിനെ എതിര്ക്കാന് കാരണമായി ജില്ലാ നേതാക്കള് ഉയര്ത്തുന്നത് രണ്ട് കാര്യങ്ങളാണ്. അതില് പ്രധാനം ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാര്ത്ഥിയുടെ വിജയസാധ്യത സംബന്ധിച്ച ആശങ്കയാണ്. മണ്ണാര്ക്കാട് എംഎല്എ എന് ഷംസുദ്ധീന്, ആലത്തൂര് എംപിയായിരുന്ന രമ്യാ ഹരിദാസ് എന്നിവര്ക്ക് മാത്രമാണ് ജില്ലയ്ക്ക് പുറത്ത് നിന്ന് എത്തി പാലക്കാട് വിജയിക്കാന് സാധിച്ചിട്ടുള്ളതെന്ന് ഇവര് ചൂണ്ടിക്കാണിക്കുന്നു. ഇവരല്ലാതെ ജില്ലയ്ക്ക് പുറത്ത് നിന്നെത്തി യുഡിഎഫ് ലേബലില് ആരും പാലക്കാട് മത്സരിച്ച് ജയിച്ചിട്ടില്ലെന്നാണ് ഇവര് പറയുന്നത്. ഉദാഹരണത്തിനായി പാലക്കാട് ജില്ലയില് മത്സരിച്ച് പരാജയപ്പെട്ട നേതാക്കളുടെ നീണ്ടൊരുപട്ടിക തന്നെ ഇവര്ക്ക് മുന്നോട്ട് വയ്ക്കാനുണ്ട്. എംവി രാഘവന്, എം പി വീരേന്ദ്ര കുമാര്, കെ പി അനില്കുമാര്, എം ഐ ഷാനവാസ്, സതീശന് പാച്ചേനി, പന്തളം സുധാകരന്, ചെല്ലമ്മ ടീച്ചര്, വി എസ് ജോയ്, ഷാനിമോള് ഉസ്മാന്, സി എന് വിജയകൃഷ്ണന്, റിയാസ് മുക്കോളി തുടങ്ങി ഒട്ടേറെ പേരാണ് പാലക്കാട് ജില്ലയില് മത്സരിക്കാന് പുറത്ത് നിന്ന് യുഡിഎഫ് എത്തിച്ചത്. എന്നാല് ഇവര്ക്കൊന്നും പാലക്കാട് വിജയിക്കാനായിരുന്നില്ല.
പാലക്കാട് രാഹുലിനെതിരായി കോണ്ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള് ഉയര്ത്തുന്ന രണ്ടാമത്തെ കാരണം ഗ്രൂപ്പ് പോരാണ്. എ ഗ്രൂപ്പിന്റെ വളര്ച്ചയ്ക്കായാണ് രാഹുലിനെ എത്തിക്കുന്നത് എന്ന ചിന്ത പ്രവര്ത്തകര്ക്കുണ്ടായാല്, അത് നിലവിലെ വിജയ സാധ്യതയെ ബാധിക്കുമെന്നാണ് നേതാക്കള് പറയുന്നത്. ജനങ്ങള്ക്കിടയില് സ്വീകാര്യനായിട്ട് പോലും 2021ല് മൂവായിരത്തില്പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില് മാത്രമാണ് ഷാഫി പറമ്പില് പാലക്കാട് നിന്ന് ജയിച്ചത്. പ്രവര്ത്തകര്ക്കിടയില അഭിപ്രായം മാനിക്കാതെ പുറത്തുനിന്ന് സ്ഥാനാര്ത്ഥിയെ എത്തിച്ച് മത്സരിപ്പിച്ച് മണ്ഡലം നഷ്ടപ്പെടുത്താന് കഴിയില്ലെന്ന നിലപാടിലാണ് ജില്ലയിലെ കോണ്ഗ്രസ് നേതൃത്വം.