
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശൂർ മണ്ഡലത്തിൽ നിന്നുള്ള വിജയത്തിന്റെ ആത്മവിശ്വാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി ബിജെപി. 60 മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനായെന്നാണ് നേതൃയോഗത്തിലെ വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമയാണ് ബിജെപി നേതൃയോഗം നടക്കുന്നത്. തൃശ്ശൂരിലെ വിജയത്തിന്റെ തിളക്കം നേതാക്കളുടെ വാക്കുകളിൽ പ്രതിഫലിച്ചു. കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിഞ്ഞെന്നും സർവേഫലങ്ങൾ തെറ്റിച്ചു കൊണ്ടാണ് ബിജെപിയുടെ മുന്നേറ്റമെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
പദ്മജ വേണുഗോപാലും പി സി ജോർജും യോഗത്തിൽ പങ്കെടുത്തു. എന്നാൽ കൊച്ചിയിലെ യോഗത്തിൽ മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തില്ല. രാവിലെ 11ന് ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും പങ്കെടുത്തിരുന്നു. ഒന്നര വർഷം തൃശ്ശൂരിൽ നടത്തിയ കഠിനപ്രയത്നമാണ് വിജയിക്കാൻ കാരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ബിജെപിയോടൊപ്പം എത്തുന്നുവെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പ്രബല മുന്നണികളെ അമ്പരിപ്പിക്കാൻ സാധിച്ചുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. മോദിക്കും കേരളത്തിലെ നേതാക്കൾ ഉൾപ്പടെ എല്ലാവർക്കും നന്ദി പറഞ്ഞ ജോർജ് കുര്യൻ കേരളത്തിൽ ബിജെപിയുടെ സംഘടനാ സംവിധാനം ശക്തിപ്പെട്ടുവെന്ന അഭിപ്രായം പ്രകടിപ്പിച്ചു.
ശോഭ സുരേന്ദ്രനെ വീണ്ടും കോർ കമ്മിറ്റിയിലേക്ക് എടുത്തേക്കും. പദ്മജ വേണുഗോപാൽ സംസ്ഥാന കമ്മിറ്റിയിലേക്ക് വരുന്ന കാര്യത്തിലും പി സി ജോർജ്ജിന് എന്ത് പദവി നൽകുമെന്നത് സംബന്ധിച്ചും ചർച്ചയുണ്ടാകും. ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവും പ്രധാന അജണ്ടയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ വോട്ടുചോർച്ചയുണ്ടായതിലും ചർച്ചയുണ്ടാകും.
'ഇനി വിശ്രമമില്ലാത്ത നാളുകള്': ബിജെപി ഇല്ലാതെ കേരളത്തിന് മുന്നോട്ട് പോകാനാകില്ല; കെ സുരേന്ദ്രന്