
കൊച്ചി: മുസ്ലിം ലീഗിനെതിരെ അതിരൂക്ഷ വിമര്ശനവുമായി സിപിഐഎം മുഖപത്രം. പുത്തലത്ത് ദിനേശന് ദേശാഭിമാനിയുടെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് മുസ്ലിംലീഗിനെ അതിരൂക്ഷ ഭാഷയില് കടന്നാക്രമിച്ചിരിക്കുന്നത്. 'മുസ്ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ടു, കൂട്ടുകൂടാന് പറ്റാത്തവരുമായി കൂട്ടുകൂടുന്നു'വെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് മുഖ്യമന്ത്രിയുടെ മുന് പൊളിറ്റിക്കല് സെക്രട്ടറിയും ദേശാഭിമാനി എഡിറ്ററുമായ പുത്തലത്ത് ദിനേശന്റെ ലേഖനം. 'ലീഗിൻ്റെ ചുവടുമാറ്റവും സിപിഐഎം നിലപാടും' എന്ന തലക്കെട്ടിലാണ് പുത്തലത്ത് ദിനേശൻ്റെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
''മുസ്ലിം ലീഗ് ഇപ്പോള് ചെയ്യുന്നത് മുസ്ലിം സമുദായത്തിനകത്ത് ഉയര്ന്നുവരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരെ ദുര്ബലപ്പെടുത്തുന്നവിധം മതരാഷ്ട്രവാദികളുമായി സഖ്യം ചേരുകയും അവരുടെ അജണ്ട പ്രചരിപ്പിക്കലുമാണ്. കമ്യൂണിസ്റ്റുകാര് മതനിരാസരാണെന്ന ലീഗ് പ്രസിഡന്റിന്റെ പ്രസ്താവനയും ഈ ഇടപെടലും മുസ്ലിം ലീഗിനെ മതരാഷ്ട്രവാദികളുടെ പാളയത്തിലേക്കെത്തിക്കാന് മാത്രമേ സഹായിക്കുകയുള്ളൂവെന്ന് തിരിച്ചറിയണം. സങ്കുചിത രാഷ്ട്രീയ താല്പ്പര്യത്തിന്റെ ഭാഗമായി ഇത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തില് കോണ്ഗ്രസ് സ്വീകരിക്കുന്നത്. ഈ നയങ്ങള്ക്കെതിരെ മതനിരപേക്ഷവാദികള് രംഗത്തുവരണം. ബിജെപിക്കെതിരായുള്ള പ്രതിരോധത്തിന് ഇത് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്'' എന്ന രൂക്ഷ വിമര്ശനമാണ് ലേഖനത്തില് പുത്തലത്ത് ദിനേശന് ലീഗിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
സമസ്ത-മുസ്ലിം ലീഗ് തർക്കത്തെക്കുറിച്ചും ലേഖനത്തിൽ പുത്തലത്ത് ദിനേശൻ വിശദീകരിക്കുന്നുണ്ട്. "ബാബരി മസ്ജിദ് പൊളിച്ചതടക്കം മതനിരപേക്ഷത തകര്ക്കുന്ന നയങ്ങള് രാജ്യത്തുയര്ന്നപ്പോള് അക്കാര്യത്തില് ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില് മുസ്ലിംലീഗിന് കഴിയാതെ വന്നതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിനകത്തുതന്നെ ഉയര്ന്നു. ലീഗിന്റെ രാഷ്ട്രീയ താല്പ്പര്യങ്ങള് അടിച്ചേല്പ്പിക്കുന്ന നയങ്ങള് ഉള്ക്കൊള്ളാന് മുസ്ലിം സംഘടനകളില് പലതും തയാറായില്ല. അത് മുസ്ലിം ലീഗും മുസ്ലിം സംഘടനകളും തമ്മിലുള്ള വൈരുധ്യങ്ങളിലേക്ക് നയിച്ചു. തങ്ങളുടെ നിലപാടുകള്ക്കനുസരിച്ച് മറ്റ് രാഷ്ട്രീയപാര്ടികളുമായി ഇത്തരം സംഘടനകള് ഇടപെടുന്ന നിലയുണ്ടായി. എന്നാല്, ഈ സമീപനം അംഗീകരിക്കാന് കഴിയാത്ത മുസ്ലിംലീഗ് ഈ സംഘടനകളെ തങ്ങളുടെ നിയന്ത്രണത്തില് കൊണ്ടുവരാന് പലവിധത്തില് ഇടപെട്ടു. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് മുസ്ലിം ജനവിഭാഗങ്ങളിലെ മതനിരപേക്ഷത മുറുകെ പിടിക്കുന്ന സംഘടനകളെ ഇടതുപക്ഷ മുന്നണിയുമായും സര്ക്കാരുമായും സഹകരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചു. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള സംഘര്ഷത്തിന്റെ അടിസ്ഥാനമിതായിരുന്നു?'' എന്നായിരുന്നു ലേഖനത്തില് പുത്തലത്ത് ദിനേശന് വിശകലന സ്വഭാവത്തിൽ വിശദീകരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില് സിപിഐഎമ്മിന്റെ ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷ വോട്ടുകള് നഷ്ടപ്പെടുന്നതിന് കാരണമായെന്ന് നേരത്തെ വിലയിരുത്തലുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത സിപിഐഎം നേതൃയോഗത്തിന് പിന്നാലെയായിരുന്നു മുസ്ലിം ലീഗിനെതിരായ പിണറായി വിജയന്റെ വിമര്ശനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ലീഗിനെ വിമര്ശിച്ചിരുന്നു. ഇതിന് പിന്നാലെ ദേശാഭിമാനിയില് പുത്തലത്ത് ദിനേശന് ലീഗ് വിമര്ശനം കടുപ്പിക്കുമ്പോള് കാര്യങ്ങള് വ്യക്തമാണ്. പിണറായി വിജയൻ്റെ പ്രതികരണത്തോട് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയും ലീഗ് നേതാക്കളും അതിരൂക്ഷ ഭാഷയിലായിരുന്നു നേരത്തെ പ്രതികരിച്ചത്.