കൊടിഞ്ഞി ഫൈസൽ വധം: 'ആർഎസ്എസ്സിന് വേണ്ടി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു'; സർക്കാരിനെതിരെ കുടുംബം

ടിപി കേസിൽ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ അഡ്വ. കുമാരൻകുട്ടിയോട് സർക്കാർ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് കുടുംബം

dot image

മലപ്പുറം: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തിൽ സംസ്ഥാന സർക്കാരിനെതിരെ കുടുംബം. അഡ്വ. പി കുമാരന് കുട്ടിയെ സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടറാക്കാനാവില്ലെന്നാണ് സര്ക്കാര് നിലപാട്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കെതിരെയുള്ള ഇടപെടലാണ് പി കുമാരൻകുട്ടിയെ സർക്കാർ നിയമിക്കാത്തതിനു കാരണമെന്ന് കുടുംബം ആരോപിച്ചു.

2016 നവംബർ 19 നാണ് മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് ഫൈസൽ കൊല്ലപ്പെട്ടത്. മതം മാറിയതിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകർ ഫൈസലിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളായ 16 പേർക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. സീനിയർ അഭിഭാഷനായ പി കുമാരൻകുട്ടിയെ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു നൽകണമെന്നാവശ്യപ്പെട്ട് ഫൈസലിന്റെ ഭാര്യ ജസ്ന മാസങ്ങൾക്കു മുൻപേ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ സർക്കാരിൽ നിന്ന് അനുകൂല മറുപടി ലഭിച്ചിട്ടില്ല.

ടിപി കേസിൽ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ അഡ്വ. കുമാരൻകുട്ടിയോട് സർക്കാർ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് കുടുംബം ആരോപിച്ചു. ഒരുപാട് തവണ കോടതി സമയം തന്നിട്ടും സർക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിന് പിന്നിൽ മറ്റു പല സ്ഥാപിത താല്പര്യങ്ങളുമാവാം എന്ന് ജസ്നയുടെ അഭിഭാഷകനായ ഫവാദ് പത്തൂർ പറഞ്ഞു. കേസിൽ ആർ എസ് എസിനു വേണ്ടി പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് സർക്കാരിന്റേതെന്ന് ഫൈസൽ നിയമസഹായ സമിതി ആരോപിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കായി ഫൈസലിന്റെ ഭാര്യ ജസ്ന ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

നേരത്തെ അനിൽകുമാർ ആയിരുന്ന ഫൈസൽ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഭാര്യയും മൂന്നു മക്കളും മതം മാറിയിരുന്നു. മറ്റു കുടുംബാംഗങ്ങൾകൂടി മതം മാറാനുള്ള സാധ്യതയെ തുടർന്നുള്ള വൈരാഗ്യത്തിലാണ് ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകരായ പ്രതികൾ കൃത്യം നടത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.

dot image
To advertise here,contact us
dot image