കളിയിക്കാവിള കൊലപാതകം ക്വട്ടേഷൻ? അമ്പിളിയുടെ മൊഴിയിൽ നിർണായക വെളിപ്പെടുത്തൽ

ക്വട്ടേഷൻ നൽകിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്ന് പ്രതിയുടെ മൊഴി

dot image

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. പ്രതി അമ്പിളിയുടെ മൊഴിയിൽ കൊലപാതകം ക്വട്ടേഷനെന്ന് കുറ്റം സമ്മതിച്ചതായി സൂചന. ക്വട്ടേഷൻ നൽകിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്നും കൊലയ്ക്ക് ഉപയോഗിച്ച മാസ്കും കത്തിയും നൽകിയത് ഇയാളെന്നും പ്രതി മൊഴി നൽകി. ഇയാൾക്കായി നെയ്യാറ്റിൻകരയിലും പാറശാലയിലുമായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

അതേസമയം, അമ്പിളി കുറ്റംസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തിൽ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് അന്വേഷണ സംഘം. ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്. അമ്പിളിയുടെയും കൊല്ലപ്പെട്ട ദീപുവിന്റെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇവരുമായി ബന്ധപ്പെട്ട ആളുകളെയും ഇന്ന് ചോദ്യം ചെയ്തേക്കും.

കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിലും ചില വൈരുധ്യങ്ങൾ ഉണ്ടെന്നാണ് വിവരം. അമ്പിളിയുടെ വീടായ മലയത്തും കാറിൽ കയറിയ നെയ്യാറ്റിൻകരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷണത്തിലാണ് പൊലീസ്. ദീപുവിന്റെ കുടുംബം പറയുന്നത് ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയുണ്ടെന്നാണ്. ദീപുവിന് അങ്ങനെ വന്ന കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം. കൊലപാതകത്തിന്റ പൂർണ്ണ ചിത്രം തെളിയാൻ സമയമെടുക്കും എന്നാണ് തമിഴ്നാട് പൊലീസ് അറിയിക്കുന്നത്. കൂടുതൽ ഇടത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോണും പരിശോധിക്കും, ഒപ്പം ഇവരുമായി ബന്ധപ്പെട്ട മറ്റു ചിലരെ ചോദ്യം ചെയ്യുന്നതോടെ കാര്യത്തിൽ വ്യക്തത വരുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസമായിരുന്നു പ്രതി അമ്പിളിയെ, കന്യാകുമാരി എസ് പി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

തിങ്കളാഴ്ച രാത്രി 11 ഓട് കൂടി അമിത ശബ്ദത്തിൽ ഇരമ്പിച്ച് കൊണ്ട് റോഡരികിൽ നിർത്തിയിരുന്ന കാർ പരിശോധിച്ച നാട്ടുകാരാണ് ഡ്രൈവിങ് സീറ്റിൽ കഴുത്ത് അറുത്ത നിലയിൽ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റിൽനിന്ന് ഒരാൾ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളുടെ വർക്ക്ഷോപ്പും സ്പെയർ പാർട്സ് കടയും നടത്തുന്ന ആളാണ് ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാൻ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ദീപു വീട്ടിൽനിന്ന് ഇറങ്ങിയത്.

കളിയിക്കാവിള കൊലപാതകം; അമ്പിളിയെ ചോദ്യം ചെയ്യും, പൊലീസിനെ കുഴപ്പിച്ച് മൊഴികളിലെ വൈരുദ്ധ്യം
dot image
To advertise here,contact us
dot image