
മലപ്പുറം: മലബാര് സംസ്ഥാനം വേണമെന്ന ആവശ്യത്തില് എസ് വെെഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറക്കെതിരെ സിപിഐഎം. മുസ്തഫ മുണ്ടുപാറയുടേത് വിഘടനവാദമാണെന്നും അപലപനീയവും പ്രതിഷേധാര്ഹവുമാണെന്നും സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന് മോഹന്ദാസ് പറഞ്ഞു. മലയാളികളുടെ മാതൃഭൂമിയെ വെട്ടിമുറിക്കണമെന്ന വാദം ഞെട്ടിപ്പിക്കുന്നതാണ്. ഭൂരിപക്ഷ തീവ്ര വര്ഗീയശക്തികള്ക്ക് രാജ്യത്തെ ധ്രുവീകരിക്കാനുള്ള ആയുധമാണ് ഈ വിഘടനവാദ പ്രസ്താവനയിലൂടെ നല്കുന്നത്. കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. മലയാളികള് ഒന്നടങ്കം പതിറ്റാണ്ടുകള് ഒറ്റക്കെട്ടായി പോരാടിയത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന കേരളമെന്നും മോഹന്ദാസ് പറഞ്ഞു.
കേരളത്തെ വിഭജിക്കണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം ഭ്രാന്തന് പ്രസംഗങ്ങളും മുദ്രവാക്യങ്ങളും ഉയര്ത്തുന്ന നേതാക്കളെ നിയന്ത്രിക്കാന് സമസ്ത നേതൃത്വം തയ്യാറാക്കണം. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാന് ഇടയാക്കരുത്. ന്യൂനപക്ഷങ്ങളാകെ വിഘടനവാദികളാണെന്ന് ആക്ഷേപിക്കുന്ന ബിജെപിയുടെ ആയുധത്തിന് മൂര്ച്ച കൂട്ടുന്ന പ്രസ്താവനയാണിത്. മലയാളിയുടെ മാതൃഭൂമിയെ വെട്ടിമുറിക്കാന് ആരെയും അനുവദിക്കില്ല. ഈ നീക്കങ്ങള്ക്കെതിരെ ശക്തമായ പ്രതിരോധം തീര്ക്കും. ഇത്തരം ഭ്രാന്തന് മുദ്രവാക്യം ഉയര്ത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. സമസ്ത നേതാവിന്റെ ഈ പ്രസ്താവനയോട് മുസ്ലിം ലീഗും യുഡിഎഫ് നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും ഇ എന് മോഹന്ദാസ് പറഞ്ഞു.