
കോഴിക്കോട്: മുസ്ലിം ലീഗിന് മുഖം നഷ്ടപ്പെട്ടുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ്. നഷ്ടപ്പെടാന് മുഖമെങ്കിലുമുള്ള പാർട്ടിയാണ് ലീഗ് എന്ന് മുസ്ലിം ലീഗ് എംഎല്എ ടി വി ഇബ്രാഹിം പറഞ്ഞു. ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലീഗിന്റെ മുഖം എസ്ഡിപിഐയുടേതും ജമാ അത്തെ ഇസ്ലാമിയുടേതുമായി മാറിയിരിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്ശനം. മുഖം പോലുമില്ലാതെ ശിരസ്സറ്റ പാർട്ടിയായി സിപിഐഎം മാറി. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഗവേഷണ വിഷയമായി സിപിഐഎം മാറിയിട്ടുണ്ടെന്നും ടി വി ഇബ്രാഹിം പറഞ്ഞു.
വിഷയത്തില് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നേരത്തെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ലീഗിന് മേല് ഫ്രസ്ട്രേഷന് തീര്ക്കുകയാണെന്നും ലീഗിന്റെ മുഖത്തിന്റെ കാര്യം അന്വേഷിക്കും മുമ്പ് പാര്ട്ടിക്കകത്തും സംസ്ഥാനത്തിനകത്തും പൊതുസമൂഹത്തിലും മുഖ്യമന്ത്രിയുടെ മുഖത്തിന്റെ അവസ്ഥ എന്താണെന്ന് അദ്ദേഹം പരിശോധിച്ചാല് ഭാവിയില് ഗുണം ചെയ്യുമെന്നും പിഎംഎ സലാം മലപ്പുറത്ത് പറഞ്ഞിരുന്നു. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. തോൽവിയിലും വേണം ഒരു അന്തസ്. ഇടതുമുന്നണിയുടെ തോൽവിയിലും അന്തസ്സ് കാണുന്നില്ലെന്നും പിഎംഎ സലാം പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ സിപിഐഎമ്മിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പിണറായി വിജയൻ മുസ്ലീം ലീഗിനെതിരെ തീർക്കുന്നതെന്നായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.
മുഖ്യമന്ത്രി ലീഗിന് മേല് ഫ്രസ്ട്രേഷന് തീര്ക്കുന്നു, അങ്ങാടിയില് തോറ്റാല് അമ്മയോട്: പിഎംഎ സലാം'സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങൾ വോട്ട് ചെയ്തില്ലെന്നാണ് സിപിഐഎം തിരഞ്ഞെടുപ്പ് വിശകലനം. ഭരണത്തിന്റെ ദോഷവശങ്ങളാണ് പരാജയത്തിന് കാരണം എന്നാണ് പാര്ട്ടി പറയുന്നത്. സീതാറാം യെച്ചൂരി അടക്കം അത് ശരിവെച്ചു. അതിന് മുസ്ലിം ലീഗിന്റെ മേല് കയറിയിട്ടില്ല. ഭരിക്കാന് അറിയാത്തവരുടെ കൈയ്യില് ഭരണം കിട്ടിയതിന്റെ ഒരാഘാതമാണ് ജനങ്ങള് നല്കിയത്. നല്ല ആഘാതമാണത്. തിരഞ്ഞെടുപ്പിന് മുമ്പ് 50 ശതമാനം സീറ്റായിരുന്നു സിപിഐഎം പ്രതീക്ഷിച്ചത്. അതി ദയനീയ പരാജയം മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും മുഖം വികൃതമാക്കി. അങ്ങാടിയില് തോറ്റാല് അമ്മയോട് എന്ന രീതി ലീഗിന് മേല് പ്രയോഗിച്ചു.' എന്നും പിഎംഎ സലാം വിമര്ശിച്ചിരുന്നു