
കോട്ടയം: സെലിബ്രിറ്റികളെ പരിചയപ്പെടുത്താമെന്ന വ്യാജേന പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. തൃശ്ശൂർ പഴയന്നൂർ സ്വദേശി എം ഹക്കീമാണ് (46) പിടിയിലായത്. കോട്ടയം പാമ്പാടിയിലാണ് സംഭവം. കോത്തല സ്വദേശിയായ യുവാവിൽ നിന്ന് പല തവണയായി 64,000 രൂപയാണ് തട്ടിയെടുത്തത്. ഇവന്റ് മാനേജ്മെന്റിന് സെലിബ്രിറ്റികളെ പരിചയപ്പെടുത്താമെന്ന വ്യാജേനെയാണ് ഇയാൾ യുവാവിൽ നിന്ന് പണം തട്ടിയത്.
ആഡംബര കാറിൽ സഞ്ചരിച്ചുവന്നിരുന്ന പ്രതിയെ അതിസാഹസികമായി കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. പിടികൂടിയ കോടതി റിമാൻഡ് ചെയ്തു. ഇയാളില് നിന്ന് 11 മൊബൈൽ ഫോൺ, 20 സിംകാർഡ്, 20ൽപരം എടിഎം കാർഡ്, വിവിധ ബാങ്കുകളുടെ പാസ്ബുക്കുകൾ, 115 ഗ്രാം സ്വർണാഭരണം, വിവിധ പേരുകളുള്ള സീലുകൾ, വാഹനങ്ങളുടെ ആർസി ബുക്കുകൾ എന്നിവയും കണ്ടെടുത്തു.
വാട്സാപ്പ് കാൾ മുഖേനയാണ് പ്രതി യുവാവിനെ ബന്ധപ്പെട്ടത്. സെലിബ്രിറ്റികളെ പരിചയപ്പെടുത്തി നൽകണമെങ്കിൽ പണം വേണമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. 2023 ജൂൺ മുതൽ പലതവണകളായാണ് യുവാവിൽ നിന്ന് പണം വാങ്ങിയത്. സംഭവത്തിന് പിന്നാലെ യുവാവ് പാമ്പാടി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി തട്ടിപ്പിനായി ആരംഭിച്ച അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും ചെയ്തു.
പിടിയിലായ ഹക്കീം നിരവധി തട്ടിപ്പ് കേസില് പ്രതിയാണെന്നാണ് സൂചന. യാചകരുടേയും ആക്രിപെറുക്കി വില്ക്കുന്നവരുടേയും പേരില് അക്കൗണ്ട് തുറന്നാണ് ഇയാള് തട്ടിപ്പ് നടത്തിയത്. കോയമ്പത്തൂർ കളക്ടറേറ്റിന്റെ ഭാഗത്തും ആശുപത്രിയുടെ പരിസരത്തും വഴിയരികില് ഭിക്ഷ യാചിക്കുന്നവരെയും ആക്രി പെറുക്കിനടക്കുന്നവരെയും സമീപിച്ചാണ് ഹക്കീം ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നത്.
ഇയാൾ സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. എടിഎമ്മും പിൻനമ്പറും അക്കൗണ്ടിനായി കൊടുത്ത സിം കാർഡും 10,000 രൂപയും അവര്ക്ക് നൽകിയാണ് അക്കൗണ്ട് ഇയാൾ വാങ്ങിയത്. ശേഷം ഈ അക്കൗണ്ടുകൾ വഴിയാണ് പണമിടപാട് നടത്തിയിരുന്നത്.
ഗള്ഫിലും കേരളത്തിലുമായി നിരവധി പേര് ഇയാളുടെ തട്ടിപ്പിന് ഇരയായതായാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്. ഇത്തരത്തിലുള്ള സിംകാര്ഡുകള് വഴി ഫേസ്ബുക്കില് സ്ത്രീയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും കേരളത്തിലും ഗൾഫിലും സുഹൃത്തുക്കളെ ആവശ്യമുള്ളവർ ഈ പേജ് ഫോളോ ചെയ്യുക എന്ന തരത്തിൽ വാട്സ്സാപ്പ് നമ്പർ കൊടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് കണ്ട് ബന്ധപ്പെട്ടിരുന്നവരില് നിന്ന് കൂടുതല് പണം ആവശ്യപ്പെട്ടിരുന്നു. പണം കൈക്കലാക്കി ഇവരുടെ നമ്പറുകൾ ബ്ലോക്ക് ചെയ്യുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മഴ കനത്തു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധികേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സമീപകാലത്ത് ഇത്തരത്തിൽ നടന്ന സൈബർതട്ടിപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് മേധാവി അറിയിച്ചു.