രാഹുൽ മാങ്കൂട്ടത്തില് വേണ്ട; വഴിമുടക്കി ഗ്രൂപ്പ്, കെപിസിസിയെ സമീപിച്ചു

ഷാഫി പറമ്പില് പാർലമെന്റിലേക്ക് വിജയിച്ച ഒഴിവില് പാലക്കാട് നിയമസഭാ മണ്ഡലത്തില് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചേക്കുമെന്ന സൂചനകള്ക്കിടെയാണിത്.

dot image

പാലക്കാട്: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ ഒരു വിഭാഗം കോണ്ഗ്രസ് പ്രവർത്തകർ കെപിസിസിയെ സമീപിച്ചു. ഷാഫി പറമ്പിലിന് പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കുന്നതിൽ അതൃപ്തിയുള്ള ജില്ലയിലെ ഒരു വിഭാഗം നേതാക്കളാണ് കെപിസിസിയെ സമീപിച്ചത്. ഗ്രൂപ്പ് വാഴ്ച അനുവദിക്കില്ലെന്നാണ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഷാഫി പറമ്പില് പാർലമെന്റിലേക്ക് വിജയിച്ച ഒഴിവില് പാലക്കാട് നിയമസഭാ മണ്ഡലത്തില് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചേക്കുമെന്ന സൂചനകള്ക്കിടെയാണിത്.

ഷാഫിയുടെ പിൻഗാമിയായി രാഹുൽ എത്തിയാൽ ജില്ലയിൽ എ ഗ്രൂപ്പ് ശക്തമാവുമെന്ന വിലയിരുത്തലിലാണ് ജില്ലയിലെ ഒരു വിഭാഗം. ഈ സാഹചര്യത്തിലാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾക്ക് ജില്ലയിൽ നിന്നും എതിർപ്പുയരുന്നത്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം കോൺഗ്രസ് കർഷക സംഘടന നേതൃത്വത്തിന് മുന്നിൽ എത്തിച്ചതായും സൂചനയുണ്ട്.

അതിനിടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുന്നണിക്ക് ദോഷമാണ് എന്ന നിലപാടാണ് മുസ്ലിം ലീഗിനുള്ളത്. ഗ്രൂപ്പുകൾ ശക്തിപ്പെടുത്തുന്നതിന് പകരം, മണ്ഡലം നിലനിർത്താൻ കഴിയുന്ന, ജനങ്ങൾക്ക് സ്വീകാര്യനായ സ്ഥാനാർത്ഥി വേണമെന്നാണ് ലീഗിൻ്റെ ആവശ്യം. ഇക്കാര്യം ലീഗ് നേതാക്കൾ കോൺഗ്രസ് ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

രാഹുലിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ 'യുവ' നേതാവ് എത്തുമെന്നാണ് ഷാഫി പറമ്പിൽ കഴിഞ്ഞദിവസം പറഞ്ഞത്. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പാലക്കാട് യുഡിഎഫിനെ കൈവിടില്ല എന്നുറപ്പാണെന്നും ഇനി വരാൻ പോകുന്നത് എന്നെക്കാൾ മികച്ച സ്ഥാനാർത്ഥിയായിരിക്കുമെന്നും ഷാഫി പറഞ്ഞിരുന്നു. ഇതോടെ രാഹുല് മാങ്കൂട്ടത്തില് തന്നെ മണ്ഡലത്തില് ഷാഫിയുടെ പിന്ഗാമിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി.

dot image
To advertise here,contact us
dot image