
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് മുന് സംസ്ഥാന ഭാരവാഹികളെ നേതൃ പദവികളിലേക്ക് പരിഗണിക്കാന് കെപിസിസി നീക്കം. സംസ്ഥാന ഉപാധ്യക്ഷന്മാരെ കെപിസിസി ഭാരവാഹികളായി നിയമിക്കാനാണ് ധാരണ. യുവാക്കള്ക്ക് പാര്ട്ടി പദവികളില് കൂടുതല് പരിഗണന നല്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുവഴി പാര്ട്ടിയെ കൂടുതല് ഊര്ജ്ജസ്വലമാക്കാന് കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്.
സംസ്ഥാന ഉപാധ്യക്ഷ്യന്മാരായ കെ എസ് ശബരിനാഥന്, റിജില് മാക്കുറ്റി, റിയാസ് മൂക്കോളി, എന് എസ് നുസൂര്, എസ്എം ബാലു എന്നിവരെ ജനറല് സെക്രട്ടറിമാരായി നിയമിക്കാനാണ് കെപിസിസി ആലോചിക്കുന്നത്. ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണനും കെപിസിസി ഭാരവാഹിയാകും. കെ എസ് ശബരീനാഥനെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിലേക്കും പരിഗണിക്കുന്നുണ്ട്.
മുന് സംസ്ഥാന ജനറല് സെക്രട്ടറിമാരേയും ജില്ലാ പ്രസിഡന്റുമാരേയും അതാത് ജില്ലാ കോണ്ഗ്രസ് കമ്മിറ്റികളില് ഭാരവാഹികളായി നിയമിച്ചു കഴിഞ്ഞു. ഷാഫി പറമ്പില് പ്രസിഡന്റായിരിക്കെ ഭാരവാഹികളായ യുവനേതാക്കളില് മുഴുവന് പേര്ക്കും പരിഗണന നല്കും. പാര്ട്ടി പദവികളില് അമ്പത് ശതമാനം യുവാക്കള്ക്കും വനിതകള്ക്കും പ്രതിനിധ്യം നല്കണമെന്ന് എഐസിസി പ്ലീനറി തീരുമാനിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് യുവനേതാക്കള്ക്ക് അവസരം നല്കുന്നത്.
തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുവാക്കള്ക്ക് കൂടുതല് അവസരം ലഭിക്കും. പാര്ട്ടി തലമുറ മാറ്റത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയാണിത്. സജീവ സാന്നിധ്യമല്ലാത്ത നേതാക്കളെ കെപിസിസി ഭാരവാഹിത്വത്തില് നിന്നും മാറ്റി നിര്ത്തും. പത്ത് ഡിസിസി അധ്യക്ഷന്മാരുരെയും മാറ്റി പകരം യുവാക്കളേയും വനിതകളേയും പരിഗണിക്കുമെന്നാണ് സൂചന.