
മൂന്നാര്: കനത്ത മഴയെ തുടര്ന്ന് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കിയില് പലയിടത്തും കനത്ത മഴ തുടരുകയാണ്. മൂന്നാറില് ശക്തമായ മഴയില് മണ്തിട്ട ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരാള് മരിച്ചു. മൂന്നാര് എംജി കോളനി നിവാസി കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്.
ഇടുക്കിയില് രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര് ഷീബ ജോര്ജ് ഉത്തരവായത്. ചൊവ്വാഴ്ച രാത്രി ഏഴ് മുതല് ബുധനാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം. മണ്ണിടിച്ചില് ഭീഷണി ശക്തമായി നിലനില്ക്കുന്ന സാഹചര്യത്തില് ജനങ്ങള് അതീവ ജാഗ്രത പുലര്ത്തണമെന്ന് കളക്ടര് ആവശ്യപ്പെട്ടു.
മണ്ണിടിച്ചില് സാധ്യതയെ തുടര്ന്ന് മൂന്നാറില് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നിട്ടുണ്ട്. ആസി ചര്ച്ച് ഓഡിറ്റോറിയം, സിഎസ്ഐ ചര്ച്ച് ഹാള്, മര്ച്ചന്റ് അസോസിയേഷന് ഹാള് എന്നിവിടങ്ങളിലാണ് ക്യാമ്പുകള് തുറന്നത്. മഴ മുന്നറിയിപ്പ് നിലനില്ക്കുന്നതിനാല് ജനങ്ങള് ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്ദ്ദേശം നല്കി.