
May 25, 2025
04:56 PM
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടിയില് ആത്മവിമര്ശനം ഉള്ക്കൊണ്ട് പ്രാദേശിക തലത്തിലിറങ്ങാന് സിപിഐ. ബൂത്ത് തിരിച്ചുള്ള വോട്ടുകളുടെ വിശകലനമാണ് പാര്ട്ടി ഇതിന്റെ തുടക്കമായി കണക്കാക്കുന്നത്. ജനങ്ങളുമായി നിരന്തരം ബന്ധം പുലര്ത്തേണ്ടുന്ന കമ്മ്യൂണിസ്റ്റുകാര് അതില് വിജയിക്കുന്നുണ്ടോ, അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇന്ന് പഴയതുപോലെ ബന്ധമുണ്ടോ, ഈ വിഭാഗങ്ങള് ഇടതുപക്ഷത്തിന് മേല് അര്പ്പിച്ച വിശ്വാസത്തിന് ഇടിവുണ്ടായത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണമെന്ന് സെക്രട്ടറി നിര്ദേശം നല്കി. നവയുഗം മാസികയിലൂടെ ബ്രാഞ്ച് സെക്രട്ടറിമാര്ക്ക് എഴുതിയ കത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പരാമര്ശിക്കുന്നത്.
'സവിശേഷമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഞാന് നിങ്ങള്ക്ക് ഈ കത്തെഴുതുന്നത്. കേരളത്തില് നമുക്ക് പരിചിതമായ ഈ രാഷ്ട്രീയ സാഹചര്യം ഗൗരവമേറിയ കടമകളാണ് നമ്മെ ഏല്പ്പിക്കുന്നത്. ബിജെപി കേരളത്തില് നിന്ന് ആദ്യമായി പാര്ലമെന്റിലേക്ക് ഒരാളെ വിജയിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില് ആദ്യമായി ആര്എസ്എസ്സിനാല് നയിക്കപ്പെടുന്ന ബിജെപി 16.68 ശതമാനം വോട്ടുകള് നേടിയിരിക്കുന്നു. അസംബ്ലി മണ്ഡലം തിരിച്ചു കണക്കെടുത്താല് 11 ഇടങ്ങളില് ബിജെപി മുന്നിലാണ്. ഈ തിരഞ്ഞെടുപ്പ് ഫലം ഒരു ഘട്ടത്തിലും നാം കണക്കുക്കൂട്ടിയിട്ടില്ല. രാജ്യത്താകെ ബിജെപി തിരിച്ചടി നേരിട്ടപ്പോഴും പ്രബുദ്ധമെന്ന് എല്ലാവരും പറഞ്ഞുപോകുന്ന കേരളത്തിന്റെ ഈ അനുഭവം നിസ്സരമായി കാണാനാവുന്നതല്ല. കേരള രാഷ്ട്രീയ അന്തരീക്ഷത്തില് ഗുരുതരമായ വെല്ലുവിളികളുടെ കാര്മേഘങ്ങള് ഉരുണ്ടുകൂടി കഴിഞ്ഞു. വിജയം ഉറപ്പാണെന്നുകരുതിയ സീറ്റുകളില് പലതും എല്ഡിഎഫിന് നഷ്ടമായി. സിപിഐക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല. സംസ്ഥാനവ്യാപകമായി ഇടതുപക്ഷം നേരിട്ട തിരിച്ചടി എല്ഡിഎഫ് പഠിക്കേണ്ടതുണ്ട്. എല്ഡിഎഫിലെ ഓരോ പാര്ട്ടിയും മുന്നണിയും പഠനം ഏറ്റെടുക്കണം. യാഥാര്ത്ഥ്യങ്ങളെ തൊടാതെ വ്യാഖ്യാന പാടവം കൊണ്ടോ ഉപരിപ്ലവപരമായ വിശകലന സാമര്ത്ഥ്യം കൊണ്ടോ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളാണ് നമ്മുടെ മുന്നില് ഉയര്ന്നുവന്നിട്ടുള്ളത്.' കത്തില് പറയുന്നു.
ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വഴികാട്ടിയായി സ്വീകരിച്ച ഒരു തീവ്രവലതുപക്ഷ പാര്ട്ടിക്ക് കേരളത്തില് ഇത്രമാത്രം വോരോട്ടമുണ്ടാക്കാന് എങ്ങനെ കഴിഞ്ഞുവെന്ന് പരിശോധിക്കണം. അതിന്റെ ഈ തോതിലുള്ള വളര്ച്ചയോട് കോണ്ഗ്രസും യുഡിഎഫും സ്വീകരിച്ച അനുകൂല നിലപാടുകളുടെ കാരണങ്ങള് എന്താണ്, അതിനെ എന്തുകൊണ്ട് നേരിടാനായില്ല തുടങ്ങിയ കാര്യങ്ങളും പഠന വിധേയമാക്കേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം കത്തിലൂടെ ആത്മവിമര്ശനം ഉന്നയിച്ചു.
ഒരു തോല്വിയും ഒരു വിജയവും ഒന്നിന്റെയും അവസാനമല്ല. രാഷ്ട്രീയ ജീവിതത്തില് വിജയം പോലെ സ്വാഭാവികമാണ് പരാജയവും. പരാജയത്തിന്റെ കാരണങ്ങള് കണ്ടെത്തി അവയെ തിരുത്തി മുന്നേറുമ്പോഴാണ് ഇടതുപക്ഷം അതിന്റെ ജൈവിക മഹത്വം വീണ്ടെടുക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിക്കുള്ള മറുപടി നല്കണമെന്നും ബിനോയ് വിശ്വം കത്തിലൂടെ അറിയിച്ചു.