
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് സൂചന. നിയുക്ത ഷാഫി പറമ്പിലാണ് ഇത്തരത്തിലൊരു സൂചന നൽകിയത്. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ 'യുവ' നേതാവ് എത്തുമെന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്.
ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പാലക്കാട് യുഡിഎഫിനെ കൈവിടില്ല എന്നുറപ്പാണെന്നും ഇനി വരാൻ പോകുന്നത് എന്നെക്കാൾ മികച്ച സ്ഥാനാർത്ഥിയായിരിക്കുമെന്നും ഷാഫി പറഞ്ഞു. ഇതോടെ രാഹുല് മാങ്കൂട്ടത്തില് മണ്ഡലത്തില് ഷാഫിയുടെ പിന്ഗാമിയായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായി.
നേരത്തെ പാലക്കാട് രമേശ് പിഷാരടി സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് രമേഷ് പിഷാരടി തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു.'നിയമസഭ ഉപതിരഞ്ഞെടുപ്പ്, മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാര്ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്ത്തകള് ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്ത്തനത്തിനും, പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും', എന്നാണ് രമേശ് പിഷാരടി സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്.