
May 15, 2025
01:21 PM
കൊച്ചി: മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസെടുത്തു. തമിഴ്നാട് തെങ്കാശി സ്വദേശി പാല്പ്പാണ്ടിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില് പരിക്കേറ്റ പാല്പ്പാണ്ടി ആശുപത്രിയില് ചികിത്സയില് തുടരുകയാണ്. അമിതവേഗത്തിൽ ബസ്സ് ഓടിച്ചു വന്ന് സഡൺ ബ്രേക്ക് ഇട്ടതാണ് അപകടകാരണമെന്ന് എഫ്ഐആറിൽ പറയുന്നു.
ബെംഗളുരുവില് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് ഇന്ന് രാവിലെ അപകടത്തില്പ്പെട്ടത്. സംഭവത്തില് ബൈക്ക് യാത്രികനായ ഇടുക്കി വാഗമണ് സ്വദേശി ജിജോ സെബാസ്റ്റ്യന് മരിച്ചു. ഇടപ്പള്ളി- അരൂര് ദേശീയ പാത ബൈപ്പാസില് വച്ച് ബസ് സിഗ്നല് പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്നല് കാത്തുനില്ക്കുകയായിരുന്നു. കൊച്ചിയിലെ വസ്ത്രാലയത്തില് ജീവനക്കാരനാണ് മരിച്ച ജിജോ സെബാസ്റ്റ്യന്.
42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസില് സഞ്ചരിച്ച 11 പേരെ തൊട്ടടുത്തുള്ള ലേക്ക് ഷോര് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇതില് ആറു പേര് സ്ത്രീകളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്ന്ന് ദേശീയ പാതയില് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ക്രെയിനുപയോഗിച്ചാണ് ബസ് ഉയര്ത്തിയത്.
മാടവനയില് 'കല്ലട' ബസ് മറിഞ്ഞുണ്ടായ അപകടം; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു