
കോഴിക്കോട്: കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന പരിപാടിയില് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാത്തതിനെച്ചൊല്ലി വിവാദം. ഭരണത്തെ വിമര്ശിച്ച എംടി വാസുദേവന്നായരുമായി വേദി പങ്കിടില്ലെന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്കെന്ന് യുഡിഎഫ് ആരോപിച്ചു.
യൂനെസ്കോ പ്രഖ്യാപിച്ച സാഹിത്യ നഗര പദവിക്ക് കോഴിക്കോട് അര്ഹത നേടിയിട്ട് ഏറെ മാസങ്ങളായി. എന്നാല് പ്രഖ്യാപനത്തിനായി മുഖ്യമന്ത്രിയെ കാത്തിരിക്കുകയായിരുന്നു കോര്പറേഷന്. ഇന്നലെ കോഴിക്കോട് പൊതുപരിപാടിയില് ഉദ്ഘാടകനായി മുഖ്യമന്ത്രിയെത്തിയെങ്കിലും ഇന്നത്തെ സാഹിത്യനഗര പ്രഖ്യാപനത്തിന് കാത്ത് നില്ക്കാതെ മടങ്ങി. ഇതോടെയാണ് കോര്പറേഷനിലെ പ്രതിപക്ഷം ആരോപണം കടുപ്പിച്ചത്.
ലോഗോ പ്രകാശനത്തിനൊപ്പം കോര്പ്പറേഷന്റെ വജ്ര ജൂബിലി സമ്മാനദാന സമര്പ്പണം നടത്താനും നിശ്ചയിച്ചത് മുഖ്യമന്ത്രിയെയായിരുന്നു. കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങ് മുഖ്യമന്ത്രിയുടെ അഭാവത്തില് മന്ത്രി എംബി രാജേഷാണ് ഉദ്ഘാടനം ചെയ്യുന്നത്.
എന്നാല് പ്രതിപക്ഷ ആരോപണം നിഷേധിച്ച മേയര്, മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചെങ്കിലും പെട്ടെന്നുണ്ടായ അസൗകാര്യമാണ് പിന്മാറ്റത്തിന് കാരണമെന്ന് വിശദീകരിച്ചു. തുടര് പദ്ധതികള്ക്ക് സര്ക്കാര് സഹായം മുഖ്യമന്ത്രി ഉറപ്പ് നല്കിയതായും മേയര് വാര്ത്താ കുറിപ്പില് വ്യക്തമാക്കി. അഭിമാന പ്രഖ്യാപന പരിപാടിയുമായി സഹകരിക്കാനാണ് കോര്പറേഷനിലെ പ്രതിപക്ഷ കൗണ്സിലര്മാരുടെ തീരുമാനം.