
തിരുവനന്തപുരം: പകർച്ച വ്യാധി പടരുമ്പോഴും ആരോഗ്യ വകുപ്പില് അപ്രഖ്യാപിത 'നിയമന നിരോധനം'. പല ജില്ലകളിലും പിഎസ്സി നിയമനം പത്ത് ശതമാനം പോലുമില്ലെന്നതാണ് യാഥാർത്ഥ്യം. താല്ക്കാലികാടിസ്ഥാനത്തില് പ്രവേശിച്ച സ്റ്റാഫ് നഴ്സുമാർ മൂന്ന് വര്ഷം പൂര്ത്തിയാക്കാനിരിക്കെയാണ് സംസ്ഥാനത്തെ 107 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിര നിയമനം നടത്താത്തത്. റിപ്പോർട്ടർ എസ്ഐടി പരമ്പരയിലാണ് കണ്ടെത്തല്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില് നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതിനിടെയാണ് മൂന്ന് വര്ഷം മുമ്പ് പിഎസ്സി മെയിന് ലിസ്റ്റ് പ്രസീദ്ധീകരിക്കുന്നത്. ഓരോ ജില്ലകള്ക്കും പ്രത്യേകം ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. എന്നാല് രണ്ടര വർഷം പിന്നിടുമ്പോഴും വിരലിലെണ്ണാവുന്നവര്ക്ക് മാത്രമാണ് നിയമനം കിട്ടിയത്.
വനാട്ടില് 243 പേര് മെയിന് ലിസ്റ്റില് ഉണ്ടെങ്കിലും നിയമനം കിട്ടിയത് വെറും ആറ് പേര്ക്കുമാത്രമാണ്. ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്ജിന്റെ സ്വന്തം ജില്ലയായ പത്തനംതിട്ടയിലെ റാങ്ക് ലിസ്റ്റ് കാലാവധി നവംബറില് അവസാനിക്കും. ഇവിടെ 30 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 342 പേർ മെയിന്ലിസ്റ്റിലുണ്ട്. ഇടുക്കിയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. മെയിന് ലിസ്റ്റിലുള്ളത് 140 പേരാണെങ്കില് ഇതുവരെ നിയമനം കിട്ടിയത് 12 പേര്ക്ക് മാത്രമാണ്.
നിയമനം നടക്കാതിരിക്കുമ്പോള് ഓരോ കുടുംബാരോഗ്യകേന്ദ്രങ്ങളിലെയും സ്ഥിരം നഴ്സുമാരുടെ കണക്കുകള് കൂടി പരിശോധിക്കേണ്ടതുണ്ട്. എറണാകുളം ജില്ലയിലെ 17 കുടുംബാരോഗ്യ കേന്ദ്രങ്ങളിലിലും തൃശൂരില് 16 ഇടത്തും പത്തനംതിട്ടയില് 8 ഇടത്തും സ്ഥിരം നഴ്സുമാര് ഇല്ല. ഇങ്ങനെ ആകെ സംസ്ഥാനത്ത് 107 കുടുംബാരോഗ്യകേന്ദ്രങ്ങള് സ്ഥിരം നഴ്സുമാരില്ലാതെ താല്ക്കാലിക്കാരെ വെച്ചാണ് നടത്തിപ്പോകുന്നത്.