
തിരുവനന്തപുരം: പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് യാതൊരു നിര്ദേശവും നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് ആവര്ത്തിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതിയ മദ്യനയം ചര്ച്ച ചെയ്യുകയെന്ന അജണ്ടയില് ടുറിസം ഡയറക്ടര് വിളിച്ച യോഗത്തെക്കുറിച്ച് പ്രതിപക്ഷ എംഎല്എമാരുടെ ചോദ്യത്തിന് സഭയില് മറുപടി പറയുകയായിരുന്നു റിയാസ്.
'മന്ത്രിയുടെ നിര്ദേശത്തിന്റെ അടിസ്ഥാനത്തിലല്ല ടൂറിസം ഡയറക്ടര് യോഗം ചേര്ന്നത്. ടൂറിസം വകുപ്പ് മന്ത്രിക്ക് അറിയാത്ത യോഗമാണെന്ന് ഡയറക്ടര് ഇതിനകം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി ഡയറക്ടര് കുറിപ്പ് ഇറക്കിയതിന് പുറമെ ഞാനും നിലപാട് വ്യക്തമാക്കിയതാണ്.' മന്ത്രി വിശദീകരിച്ചു.
'സര്ക്കാര് അധികാരത്തില് വന്നതിലും വിവിധ വകുപ്പുകള് കൈകാര്യം ചെയ്യുന്ന മന്ത്രിമാരിലും പ്രതിപക്ഷത്തെ എല്ലാവരും തൃപ്തരായികൊള്ളണമെന്നില്ല. മന്ത്രിമാര് രാജിവെക്കണമെന്നതുള്പ്പെടെ പല ആഗ്രങ്ങളുമുണ്ടാകാം. അന്നത്തെ യോഗം ടൂറിസം വകുപ്പ് മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസം ഡയറക്ടര് ഒരു മാസം 40 ല് അധികം യോഗം വിളിക്കും. അതൊന്നും മന്ത്രി അറിഞ്ഞിട്ടാവണമെന്നില്ല. പല നെറേറ്റീവ് സൃഷ്ടിക്കാന് ആഗ്രഹമുണ്ടാകും. ആ ഫ്രെയിമിലേക്ക് എന്നെ പെടുത്തേണ്ടതില്ല' എന്നും മന്ത്രി തറപ്പിച്ച് പറഞ്ഞു.
സ്റ്റേക്ക് ഹോൾഡേഴ്സിൻ്റെ യോഗം ടൂറിസം വകുപ്പ് കൃത്യമായ ഇടവേളകളിൽ വിളിച്ചുചേർക്കാറുണ്ട്. യോഗത്തിന്റെ ഭാഗമായി ശുപാർശകളോ നിർദ്ദേശങ്ങളോ ടൂറിസം വകുപ്പിൽ നിന്ന് സർക്കാരിലേക്ക് നൽകിയിട്ടില്ല. വിനോദ സഞ്ചാര മേഖല നേരിടുന്ന പ്രശ്നങ്ങള് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ട്രാവല്മാര്ട്ട് സൊസൈറ്റി, ഫെഡറേഷന് ഓഫ് കേരള ഹോട്ടല് അസോസിയേന്, അസോസിയേഷന് അപ്രൂവ്ഡ് ആന്റ് ക്ലാസിഫൈഡ് ഹോട്ടല്സ് ഓഫ് കേരള തുടങ്ങിയ സംഘടനകള് സമര്പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലും വകുപ്പ് സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിലെ ടൂറിസം വ്യവസായ വികസനം സംബന്ധിച്ചും ചര്ച്ച നടത്താന് ചീഫ് സെക്രട്ടറി ടൂറിസം വകുപ്പ് സെക്രട്ടറിക്ക് നിര്ദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് വിവിധ സംഘടനകളാ പ്രതിനിധികളെ ഉള്പ്പെടുത്തി ഓണ്ലൈന് യോഗം ചേര്ന്നിരുന്നു എന്നും മന്ത്രി വിശദീകരിച്ചു.
എന്നാല് ടൂറിസം കാര്യങ്ങള് ചര്ച്ച ചെയ്യാന് വിളിക്കുന്ന യോഗങ്ങളെ മദ്യനയം ചര്ച്ച ചെയ്യാനെന്നും പറഞ്ഞ് വിളിക്കരുതെന്ന് മന്ത്രി നിര്ദേശം കൊടുക്കണമെന്ന റോജി എം ജോണ് പരിഹസിച്ചു. ആരോപണങ്ങളില് വിജിലന്സ് അന്വേഷണം നടത്താന് ടൂറിസം വകുപ്പ് മന്ത്രി ആവശ്യപ്പെടുമോയെന്നും റോജി ചോദിച്ചു.