
May 15, 2025
07:28 PM
തിരുവനന്തപുരം: രണ്ട് വർഷമായി പിഎസ്സിക്ക് ഒഴിവുകള് റിപ്പോർട്ട് ചെയ്യാതെ കെഎസ്ഇബി. ഒഴിവുകള് റിപ്പോര്ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്ദേശം വന്നിട്ടും കെഎസ് ഇബിയില് 'നിയമന നിരോധനം' തുടരുകയാണ്. റിപ്പോര്ട്ടര് വാര്ത്തയ്ക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
2022 ജൂണ് 16 നാണ് കെഎസ്ഇബി അവസാനമായി ഒഴിവുകള് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്തത്. പിന്നീടിങ്ങോട്ട് കെഎസ്ഇബി 'നിയമന നിരോധനം' നടപ്പിലാക്കി ഒഴിവുകള് പൂഴ്ത്തി. പുനസംഘനടയുടെ പേരിലായിരുന്നു അത്. കെഎസ്ഇബിയിലെ ആകെ തസ്തികകള് 30,321 ആക്കണമെന്ന റെഗുലേറ്ററി കമ്മീഷന് തീരുമാനത്തിന്റെ പേരിലായിരുന്നു ഒഴിവുകള് റിപ്പോര്ട്ട് ചെയ്യാതിരുന്നത്. ഒഴിവുകള് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യേണ്ടതില്ലെന്ന കെഎസ്ഇബി ചെയര്മാന്റെ കത്തും പുറത്തുവന്നിരുന്നു.
നിലവില് 28,000ല് താഴെ ജീവനക്കാര് മാത്രമാണ് കെഎസ് ഇബിയിലുള്ളത്. ജീവനക്കാരുടെ എണ്ണം നിശ്ചയിച്ചതില് നിന്നും 2500ലേറെ കുറഞ്ഞിട്ടും പുനസംഘടനയുടെ പേരിലുള്ള ഒഴിവ് നികത്താതിരിക്കല് യഥേഷ്ടം തുടരുകയാണ്. നിയമന നിരോധനത്തിനെതിരെ ഭരണാനുകൂല തൊഴിലാളി സംഘടനയായ സിഐടിയു തന്നെ പരസ്യമായി കെഎസ്ഇബി നടപടിക്കെതിരെ പ്രതിഷേധിച്ചിരുന്നു.
അതിനിടിയില് ഒഴിവുകള് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യാന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കെഎസ്ഇബി അനങ്ങുന്നില്ല. നിലവുള്ള കണക്ക് പ്രകാരം അസിസ്റ്റന്റ് എഞ്ചിനീയര്മാരുടെ 451 ഒഴിവുകളും സബ് എഞ്ചിനീയര്മാരുടെ 777 ഒഴിവുകളും വര്ക്കര്മാരുടെ 1500ലേറെ ഒഴിവുകളുമാണുള്ളത്.