പ്രിയങ്കയെ സ്വാഗതം ചെയ്ത് വയനാട്; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും

രാഹുൽ ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തിയതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമോ എന്നതിലാണ് ഇനി ഉത്തരം കാത്തിരിക്കുന്നത്.

dot image

വയനാട്: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. മഹാരാഷ്ട്ര, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാകും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പുമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിൽ അടുത്ത മാസം ജൂലൈയിൽ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

രാഹുൽ ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തിയതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമോ എന്നതിലാണ് ഇനി ഉത്തരം കാത്തുനിൽക്കുന്നത്. ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തീയതി പോലും പ്രഖ്യാപിക്കും മുൻപ് വയനാട്ടിൽ പ്രിയങ്കയെ സ്ഥാനാർത്ഥിയായി നിയോഗിച്ച് കോൺഗ്രസ് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പുകളാകട്ടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്താമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തയ്യാറെടുപ്പ്. എംപി രാജി വച്ചാൽ ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മതി. അതിനാൽ വയനാട് ഉപതിരഞ്ഞെടുപ്പ് ഈ നിയമസഭ തിരഞ്ഞെടുപ്പുകൾക്കൊപ്പം നടക്കാനാണ് സാധ്യത ഏറെയും. അങ്ങനെ എങ്കിൽ ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും വയനാടിനോടൊപ്പം ആകും.

'പ്രിയങ്ക രണ്ടാം ഇന്ദിര'; ഭൂരിപക്ഷം കുത്തനെ ഉയരുമെന്ന് കണക്കുകൂട്ടി കോണ്ഗ്രസ്

തിങ്കളാഴ്ച പാർലമെൻറ് സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുന്നതിൽ രാഹുൽഗാന്ധി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഹുൽ ഏത് സീറ്റ് നിലനിർത്തണം എന്ന് തീരുമാനിക്കാൻ ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ്റെ വസതിയിൽ ചേർന്ന യോഗത്തിൽ വിഷയം ചർച്ചയായിട്ടില്ല എന്നാണ് സൂചന. എങ്കിലും പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി വരണമെന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന്റെയും പാർലമെൻ്ററി പാർട്ടി യോഗത്തിൻ്റെയും വികാരം രാഹുൽ അംഗീകരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

dot image
To advertise here,contact us
dot image