
തൊടുപുഴ: ഇടുക്കി പാക്കേജിനായി മൂന്നു ബജറ്റുകളില് 225 കോടി രൂപ വകയിരുത്തിയെങ്കിലും ഭരണാനുമതി ലഭിച്ചത് 47 കോടി 3 ലക്ഷം രൂപയ്ക്ക് മാത്രം. നിയമസഭയില് പി ജെ ജോസഫ് എംഎല്എ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം 2018 മുതല് മൂന്ന് ഘട്ടങ്ങളില് സര്ക്കാര് പ്രഖ്യാപിച്ച 18,000 കോടിയുടെ ഇടുക്കി ബജറ്റിനെ സംബന്ധിച്ച് പ്രതിപാദിക്കുന്നുമില്ല.
ഇടുക്കി ജില്ലയുടെ വികസന പ്രവര്ത്തനങ്ങള്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് കട്ടപ്പനയില് പ്രഖ്യാപിച്ചത് 12,000 കോടിയുടെ പാക്കേജാണ്. പ്രളയ സമയത്ത് 5000 കോടിയും സ്പെഷ്യല് പാക്കേജായി 1000 കോടിയും ഉള്പ്പെടെ ആകെ പതിനെണ്ണായിരം കോടി. എന്നാല് മുഖ്യമന്ത്രി നിയമസഭയില് നല്കിയ മറുപടിയില് ഈ തുകയില്ല. ഉള്ളതാകട്ടെ മൂന്നുതവണയായി ബജറ്റില് പ്രഖ്യാപിച്ച 75 കോടി രൂപ വീതം 225 കോടി. ഇടുക്കി പാക്കേജ് എന്ന് പൂര്ത്തിയാക്കുമെന്ന ചോദ്യത്തിന് കാലാവധി നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്.
2022-23, 2023-24, 2024-25 വര്ഷങ്ങളിലെ ബജറ്റുകളിലാണ് 75 കോടി രൂപ വീതം 225 കോടി രൂപ പ്രഖ്യാപിച്ചത്. എന്നാല് കഴിഞ്ഞ മൂന്ന് വര്ഷത്തില് ഇടുക്കി പാക്കേജില് നിന്നു ജില്ലയിലെ വികസന പ്രവര്ത്തനങ്ങള്ക്ക് ഭരണാനുമതി ലഭിച്ചത് 47.03 കോടി രൂപയ്ക്കാണ്. ഇടുക്കിക്കായുള്ള പ്രഖ്യാപനങ്ങള് വോട്ടിനു വേണ്ടി മാത്രം എന്നാണ് കോണ്ഗ്രസിന്റെ ആരോപണം. അത് ജനങ്ങള് തിരിച്ചറിഞ്ഞെന്നും ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില് പ്രതിഫലിച്ചതെന്നും കെപിസിസി സെക്രട്ടറി എം എന് ഗോപി പറഞ്ഞു.
2022-23 വര്ഷത്തില് 5 പദ്ധതികള്ക്കും 2023-24 വര്ഷത്തില് 3 പദ്ധതികള്ക്കുമാണ് ഭരണാനുമതി നല്കിയത്. 225 കോടിയില് വന്യമൃഗശല്യം, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ വികസനം, റോഡ് വികസനം തുടങ്ങിയ കാര്യങ്ങളിലേക്ക് തുക കാര്യമായി വിനിയോഗിച്ചിട്ടുമില്ല. വിഷയം ഏറ്റെടുത്ത് കോണ്ഗ്രസ് സമരത്തിലേക്ക് നീങ്ങുകയാണ്.