
Jul 29, 2025
11:38 AM
കോഴിക്കോട്: കാഫിര് പോസ്റ്റ് വിഷയത്തില് സിപിഐഎം സംസ്ഥാന സമിതി അംഗം കെ കെ ലതികക്കെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി വി പി ദുല്കിഫില് ആണ് പരാതി നല്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ കെ ലതിക ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളായി ചിത്രീകരിച്ചു. ജനങ്ങളുടെ മനസ്സില് യുഡിഎഫ് സ്ഥാനാര്ത്ഥിയോട് അപ്രീതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായി. ജനങ്ങള്ക്ക് സ്ഥാനാര്ത്ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് കെ കെ ലതികയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പരാതിയില് ആരോപിക്കുന്നു.
കെ കെ ലതിക മുന് എംഎല്എ ആയിരുന്നതിനാലും ഒുപാട് ആളുകളെ സ്വാധീനിക്കാന് കഴിവുള്ള വ്യക്തി ആയതിനാലും മനപ്പൂര്വം ഇത്തരം ഒരു പ്രവൃത്തി ചെയ്തതിനാല് ഇന്ത്യന് ശിക്ഷാനിയമം 153 എ വകുപ്പും ഇന്ഫോര്മേഷന് ടെക്നോളജി ആക്ട് 259 എ പ്രകാരവും നടപടിയെടുക്കണമെന്നും ദുല്കിഫില് ആവശ്യപ്പെട്ടു. ലതികയ്ക്ക് നിയമപരമായ ശിക്ഷ ലഭിച്ചില്ലെങ്കില് മറ്റുള്ളവര്ക്കും ഇത്തരത്തിലുള്ള പ്രവൃത്തികള് ചെയ്യാന് പ്രവണത ഉണ്ടാകുമെന്നും പരാതിയിലുണ്ട്.