
കണ്ണൂര്: കടമ്പൂര് ഹയര് സെക്കന്ഡറി സ്കൂളില് വിദ്യാര്ത്ഥികള് നേരിടുന്നത് കടുത്ത വിവേചനമെന്ന് രക്ഷിതാക്കളുടെ പരാതി. ഡിജിറ്റല് ക്ലാസ് റൂമിനായി ഡിജിറ്റല് ബോര്ഡിന് പണം നല്കാത്ത വിദ്യാര്ത്ഥികളെ മാനസികമായി അധ്യാപകരും മാനേജ്മെന്റും ദ്രോഹിക്കുന്നുവെന്നാണ് പരാതി. പണം നല്കാത്ത വിദ്യാര്ത്ഥികളെ ക്ലാസ് മാറ്റി ഇരുത്തി പീഡിപ്പിക്കുകയാണെന്നും രക്ഷിതാക്കള് പറഞ്ഞു. കടമ്പൂരിലെ വിദ്യാഭ്യാസ കൊള്ളയെ പറ്റി വ്യാപക പരാതികള് ഉയര്ന്നിട്ടും വിദ്യാഭ്യാസ വകുപ്പിന് അനക്കമില്ലെന്നും രക്ഷിതാക്കള് പറയുന്നു.
അധ്യയനം തുടങ്ങും മുന്പേ കടമ്പൂര് ഹയര്സെക്കന്ഡറി സ്കൂളിലെ മാനേജ്മെന്റിന്റെ പെരുംകൊള്ള റിപ്പോര്ട്ടര് ചാനല് പുറംലോകത്തെ അറിയിച്ചിരുന്നു. ഇതില് ഏറ്റവും വലിയ തട്ടിപ്പ് ഡിജിറ്റല് ക്ലാസ് റൂമിന്റെ പേരിലായിരുന്നു. ഡിജിറ്റല് ക്ലാസ് റൂമിനായി വന് പണപ്പിരിവാണ് മാനേജ്മെന്റ് നടത്തിയത്. ഇതേ ഡിജിറ്റല് ക്ലാസ് റൂമിനായി പണം നല്കാത്തതിന് സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും മാനസികമായി കുട്ടികളെ പീഡിപ്പിക്കുകയാണെന്ന് ഇപ്പോള് രക്ഷിതാക്കള് സാക്ഷ്യപ്പെടുത്തുന്നു.
പണം നല്കിയ കുട്ടികളെ എ സ്റ്റാര്, ബി സ്റ്റാര് എന്നിങ്ങനെ തരംതിരിച്ചാണ് പഠിപ്പിക്കുന്നത്. ഇത് കുട്ടികളില് ഉണ്ടാക്കുന്ന മാനസിക പ്രയാസം ചെറുതല്ല. പണം നല്കാത്ത കുട്ടികളെ ഓടിട്ട കെട്ടിടം ചൂണ്ടിക്കാട്ടി അവിടെയിരുത്തി പഠിപ്പിക്കുമെന്നാണ് മാനേജര്ക്ക് ഒത്താശ ചെയ്യുന്ന ചില അധ്യാപകരുടെ ഭീഷണി. പുതിയ അധ്യയന വര്ഷത്തിലും പണം മാത്രം മാനദണ്ഡമാക്കി കുട്ടികളെ പച്ചയായി വേര്തിരിക്കുന്ന നടപടിയില് വിദ്യാഭ്യാസ വകുപ്പിന് കുലുക്കമില്ല. നികുതി വെട്ടിച്ചുള്ള യൂനിഫോം വിതരണത്തിലൂടെയും അനധികൃത പണപ്പിരിവിലൂടെയും വന് കൊള്ളയാണ് മാനേജ്മെന്റ് നടത്തുന്നത്. റിപ്പോര്ട്ടര് വാര്ത്ത പുറത്തുവന്നതിനെ തുടര്ന്ന് എസ്എഫ്ഐ സ്കൂളിലേക്ക് മാര്ച്ച് നടത്തിയിരുന്നു. എന്നാല്, സംഭവം ആവര്ത്തിച്ചിട്ടും തുടര് സമരങ്ങളോ വിദ്യാഭ്യാസ വകുപ്പില് നിന്ന് നടപടിയോ ഉണ്ടായിട്ടില്ല.
'മുരളിയേട്ടാ മാപ്പ്'; തൃശൂരില് വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്ളക്സുകള്വൈദ്യുതി, കുടിവെള്ള ബില്ലുകള് എന്നിവയുടെ പേരില് വിദ്യാര്ഥികളില് നിന്ന് മാനേജ്മെന്റ് പിരിച്ചെടുത്തത് കോടികളാണെന്ന വിവരമാണ് മുമ്പ് റിപ്പോര്ട്ടര് ചാനല് പുറത്തുവിട്ടത്. സര്ക്കാര് സൗജന്യമായി നല്കുന്ന ചോദ്യപേപ്പറിനും കുട്ടികള് മാനേജ്മെന്റിന് പണം കൊടുക്കേണ്ട സ്ഥിതിയാണ്. നിയമവിരുദ്ധമായി അമ്പത് ലക്ഷത്തിലേറെ രൂപയാണ് ഓരോ വര്ഷവും ഈ വകയില് മാത്രം പിരിച്ചെടുത്തത്. എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളില് നിന്ന് ഒരുതരത്തിലും പണപ്പിരിവ് പാടില്ലെന്ന ചട്ടം ലംഘിച്ചാണ് കടമ്പൂര് സ്കൂള് മാനേജ്മെന്റിന്റെ പിടിച്ചുപറി. വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങളും നടപടികളും കാറ്റില് പടര്ത്തിയാണ് സ്കൂളിന്റെ പ്രവര്ത്തനം.