
മലപ്പുറം: ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്ന എൽഡിഎഫ് പരസ്യം അറംപറ്റിയെന്ന പരിഹാസവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയുണ്ട് പക്ഷേ ഇടതില്ല എന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായത്. ഇടതില്ലെങ്കിൽ ന്യൂനപക്ഷ പൗരൻമാർ രണ്ടാം ക്ലാസാകുമെന്ന ധാരണയാണ് ഉണ്ടാക്കിയിരുന്നത്. കോൺഗ്രസ് ജയിച്ചതോടെ രണ്ടാം ക്ലാസ് പൗരൻമാർ ഇല്ലാതായി.
ഇൻഡ്യ മുന്നണിയുടെ ജയം ഇന്ത്യയെ രക്ഷിച്ചു. അധികാരത്തിൽ വന്നില്ലെന്നേയുള്ളു. ബിജെപിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാക്കി. ഇന്ത്യൻ നാഷണല് കോൺഗ്രസുണ്ടെങ്കിലേ ഇന്ത്യയിൽ എന്തെങ്കിലും ഉണ്ടാകൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇൻഡ്യ മുന്നണിയുടെ യോഗങ്ങളിൽ മുഖ്യ കാർമികത്വം വഹിക്കുന്നത് യെച്ചൂരിയും രാജയുമൊക്കെയാണ്. പ്രമേയം ഡ്രാഫ്റ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ രാഹുൽഗാന്ധി ഇവരെയാണ് ഏൽപ്പിച്ചത്. വിശാല മനസോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പൊന്നാനി പരീക്ഷണങ്ങൾ ദുനിയാവിൽ ഇനി ഏതെങ്കിലും ബാക്കിയുണ്ടോ? ഓരോ തെരഞ്ഞെടുപ്പിൽ ഓരോ പരീക്ഷണമാണ്.
ഒരു തിരഞ്ഞെടുപ്പിൽ ആരൊക്കെയാണ് സ്റ്റേജിൽ അണിനിരന്നത്. ഇത്തവണത്തെ പരീക്ഷണത്തിൽ ഒരു തവണ പോലും നിങ്ങളുടെ സ്റ്റേജിൽ കയറാത്ത ആളായിരുന്നു. ലീഗ് പുറത്താക്കിയ ആളെ ചിഹ്നം കൊടുത്തു മത്സരിപ്പിച്ചു. ഇത്തവണത്തെ പൊന്നാനി പരീക്ഷണത്തിൽ ലീഗിനെ വിഭജിക്കാൻ ശ്രമിച്ചു. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ മത്സരിക്കാൻ പോലും ഇല്ലാത്തയാളാണ് മത്സരിച്ചത്. ലീഗ് പുറത്താക്കി എന്ന ഏക മഹത്വമാണ് അദ്ദേഹത്തിന് ഉള്ളത്. അദ്ദേഹത്തിനെയാണ് പാർലമെന്റിലേക്ക് മത്സരിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.