
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഒഴിവുകള് റിപ്പോർട്ട് ചെയ്യാത്തതില് ഇടപെട്ട് മുഖ്യമന്ത്രി. ഒഴിവുകള് റിപ്പോര്ട്ട് ചെയ്യാന് നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്ദേശം നല്കി. കെഎസ്ഇബി സിഎംഡി ബിജു പ്രഭാകര് ഒഴിവുകളുകളുടെ കണക്ക് വ്യക്തമാക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളുടെ പകര്പ്പ് റിപ്പോര്ട്ടറിന് ലഭിച്ചു. ഇത് സംബന്ധിച്ച വാർത്ത റിപ്പോര്ട്ടർ ടിവിയാണ് പുറത്തുകൊണ്ടുവന്നത്.
ഏപ്രില് 18നാണ് കെഎസ്ഇബിയിലെ നിയമന 'നിരോധനം' സംബന്ധിച്ച വാര്ത്ത റിപ്പോര്ട്ടര് സംപ്രേഷണം ചെയ്തത്. കെഎസ്ഇബിയിലെ ഒഴിവുകള് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യുന്നില്ലെന്നായിരുന്നു കണ്ടെത്തല്. പിന്നാലെ വാര്ത്ത തെറ്റാണെന്ന് പറഞ്ഞ് കെഎസ്ഇബിയും വകുപ്പ് മന്ത്രി കൃഷ്ണന്കുട്ടിയും രംഗത്തെത്തി. എന്നാല് വിവരം പുറത്ത് അറിയിച്ചെന്ന പേരില് എച്ച്ആര്എം ചീഫ് എഞ്ചിനീയറെ മാറ്റുകയും ചെയ്തു. വാർത്ത ശരിവെക്കുന്നതാണ് ഇപ്പോള് വിഷയത്തിലെ മുഖ്യമന്ത്രിയുടെ ഇടപെടല്.
750 ലേറെ ഒഴിവുകള് റിപ്പോര്ട്ട് ചെയ്യാത്തതിനെത്തുര്ന്ന് സബ് എഞ്ചിനീയേഴ്സ് റാങ്ക് ഹോള്ഡേഴ്സ് നല്കിയ പരാതിയിലാണ് മുഖ്യമന്ത്രി ഒഴിവുകള് പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യാനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിര്ദേശ പ്രകാരം കെഎസ്ഇബി എച്ച്ആര്എം ചീഫ് എഞ്ചിനീയര് കെഎസ്ഇബി സെക്രട്ടറിക്ക് അവശ്യമായ നടപടിക്ക് ശുപാര്ശ ചെയ്തിട്ടുണ്ട്. ഒഴിവുകളുടെ കണക്ക് വ്യക്തമാക്കാന് കെഎസ്ഇബി സിഎംഡി ബിജു പ്രഭാകര് ആവശ്യപ്പെട്ടിട്ടുണ്ട്.
പുനസംഘടനയുടെ മറവില് കുറേക്കാലമായി ഒഴിവുകള് റിപ്പോര്ട്ട് ചെയ്യാത്ത കെഎസ്ഇബിക്ക് ഇനി നടപടി എടുക്കേണ്ടി വരും. സബ് എഞ്ചിനീയര് തസ്തികയില് മാത്രം 750 ഒഴിവുകളാണ് കെഎസ്ഇബി പിഎസ്സിക്ക് റിപ്പോര്ട്ട് ചെയ്യാതെ പൂഴ്ത്തി വെച്ചിരിക്കുന്നത്. അസിസ്റ്റന്റ് എഞ്ചിനിയര് തസ്തികയില് 450 ഒഴിവുകളും വര്ക്കര്മാരുടെ ആയിരത്തിലേറെ ഒഴിവുകളും റിപ്പോര്ട്ട് ചെയ്തിട്ടില്ല.