തിരഞ്ഞെടുപ്പിലെ തോൽവി; സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി കെടി ജലീൽ എംഎൽഎ

12 സീറ്റുകൾ വരെ പ്രതീക്ഷിച്ചിരുന്ന ഇടതുപക്ഷത്തിന് ഒരു സീറ്റിൽ മാത്രമാണ് ഇത്തവണ വിജയിക്കാനായത്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നടിഞ്ഞതിന് പിന്നാലെ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് കെടി ജലീൽ എംഎല്എ. സംസ്ഥാനത്ത് ഈ അടുത്ത് നടത്തിയ നികുതി വർധനവും ക്ഷേമ പ്രവർത്തനങ്ങൾക്കടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്തതും തിരിച്ചടിയായി എന്നും ഭരണ വിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളിൽ പ്രവർത്തിച്ചുവെന്നും കെടി ജലീൽ പറഞ്ഞു.

ചില പൊലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പെരുമാറ്റവും തിരിച്ചടിയായി. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് കാലതാമസം വന്നുവെന്നും കെടി ജലീൽ പറഞ്ഞു. താഴെക്കിടയിലുള്ള വോട്ടർമാരെ പോലെ തന്നെ മധ്യവർഗ്ഗത്തെയും സ്വാധീനിക്കാൻ കഴിഞ്ഞില്ല എന്നും പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ ഇക്കാര്യങ്ങളെല്ലാം ഇടതുപക്ഷം മുടിനാരിഴകീറി വിലയിരുത്തുമെന്നും കെ ടി ജലീൽ പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

അതെ സമയം 12 സീറ്റുകൾ വരെ പ്രതീക്ഷിച്ചിരുന്ന ഇടതുപക്ഷത്തിന് ഒരു സീറ്റിൽ മാത്രമാണ് ഇത്തവണ വിജയിക്കാനായത് . കഴിഞ്ഞ തവണ വിജയിച്ച ആലപ്പുഴയിലും ഇത്തവണ കാലിടറി. സിപിഐഎമ്മിന്റെ എ എം ആരിഫ് കോൺഗ്രസിന്റെ ദേശീയ നേതാവ് കൂടിയായ കെസി വേണുഗോപാലിനെതിരെയാണ് തോറ്റത്. അതെ സമയം ആലത്തൂരില് മന്ത്രി രാധാകൃഷ്ണനിലൂടെ നാണക്കേട് ഒഴിവാക്കാൻ എൽഡിഎഫിനായി. യുഡിഎഫ് സ്ഥാനാർഥിയായ രമ്യ ഹരിദാസിനെയാണ് കെ രാധാകൃഷ്ണൻ തോൽപ്പിച്ചത്.

എഫ്ബി പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ

അയോദ്ധ്യയിലെ ഹൈന്ദവ വിശ്വാസികൾക്ക് കൂപ്പുകൈ! നമ്മുടെ ഇന്ത്യ നിലനിൽക്കും.

2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറി നടന്ന പാർലമെൻ്റ് മണ്ഡലം അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾകൊള്ളുന്ന ഫൈസാബാദാണ്. 1992-ൽ ബാബരിമസ്ജിദ് ഇടിച്ചു തകർത്ത് ഉന്മാദനൃത്തം ചവിട്ടിയതോടെയാണ് ഫൈസാബാദ് സാധാരണക്കാരായ മനുഷ്യർക്ക് പരിചിതമായത്. ഹിന്ദുമത വിശ്വാസികളുടെ ഹൃദയഭൂമിയെന്ന് സംഘികൾ രാജ്യവ്യാപകമായി പ്രചരിപ്പിച്ച ദേശം. കോടികൾ ചെലവിട്ട് നിർമ്മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തി ഉൽഘാടനം ചെയ്ത രാമക്ഷേത്രത്തിൻ്റെ "വിശുദ്ധ" മണ്ണ്. 95 ശതമാനത്തിലധികം ഹൈന്ദവ സഹോദരീ സഹോദരർ താമസിക്കുന്ന മേഖല. അവിടെയാണ് ബി.ജെ.പി സ്ഥാനർത്ഥി സിറ്റിംഗ് എം.പി കൂടിയായ ലല്ലുസിംഗ് തോറ്റ് തൊപ്പിയിട്ടത്. രാജ്യത്ത് മുഴുവൻ വിതറാനുള്ള വിഷം പുകച്ചെടുത്തേടത്ത്, 54,567 വോട്ടിൻ്റെ വ്യത്യാസത്തിൽ ബി.ജെ.പി യെ മൂക്കുകുത്തിച്ചത് അഖിലേഷ് യാദവിൻ്റെ പാർട്ടിക്കാരനായ അവതേഷ് പ്രസാദ്. അഞ്ചര ലക്ഷത്തിലധികം വോട്ട് നേടിയാണ് സമാജ് വാദി പാർട്ടി അസാദ്ധ്യമെന്ന് കരുതിയ വിജയം സാദ്ധ്യമാക്കിയത്.

ബഹുസ്വരതയുടെ സംസ്കാരത്തിൻ്റെ മുഖത്ത് കാളിമ പടർത്തിയ ബാബരിമസ്ജിദിൻ്റെ തകർച്ച മതേതര വിശ്വാസികളായ മുഴുവൻ മനുഷ്യരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതാണ്. ഭൂമികുലുക്കത്തിൽ തകർന്നതല്ല ബാബരി മസ്ജിദ്. കൊടുങ്കാറ്റിൽ നിലംപൊത്തിയതുമല്ല ബാബരി. സംഘ്പരിവാരങ്ങൾ ആസൂത്രണം ചെയ്ത് തകർത്തെറിഞ്ഞതാണ് ആ ആരാധനാലയം. അതിനു തൊട്ടു പിറകെയാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റിൽ വൻബോംബ് സ്ഫോടനം നടന്നത്. നിരവധി മനുഷ്യരുടെ ജീവനുള്ള ശരീരങ്ങളാണ് അന്ന് ചിന്നിച്ചിതറിയത്. തുടർന്നങ്ങോട്ട് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബുകൾ പൊട്ടിത്തെറിച്ചു. എല്ലാറ്റിൻ്റെയും ഉത്തരവാദിത്തം മുസ്ലിം ചെറുപ്പക്കാരുടെ തലയിൽ കെട്ടിവെച്ചു. നൂറു കണക്കിന് നിരപരാധികൾ കൽതുറുങ്കിൽ അടക്കപ്പെട്ടു. വിചാണരകൂടാതെയുള്ള വർഷങ്ങളുടെ ജയിൽ വാസം. ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ. തുടർന്ന് "ബോംബെ" മോഡൽ, ഇന്ത്യയുടെ പലഭാഗങ്ങളിലും അരങ്ങേറി.

അകാരണമായി ലക്ഷത്തിൽപ്പരം മുസ്ലിം ചെറുപ്പക്കാരാണ് കുറ്റാരോപിതരായി ക്രൂരമായി പീഢിപ്പിക്കപ്പെട്ടത്. അവസാനം ഭൂരിഭാഗം പേരെയും തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടു. അവർക്ക് നഷ്ടപ്പെട്ട ജീവിതം ആര് തിരിച്ച് കൊടുക്കും? എന്തിനധികം, 1992-ന് മുമ്പും പിമ്പുമെന്നായി ഇന്ത്യൻ ചരിത്രം തന്നെ പകുക്കപ്പെട്ടു. മതനിരപേക്ഷതയുടെ ഈറ്റില്ലമായ അയോദ്ധ്യ, സംഘികളെ തോൽപ്പിച്ച് അതിൻ്റെ പൈതൃകം ഒരിക്കൽകൂടി തെളിയിച്ചു.

തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടമായപ്പോൾ വർഗീയ ദുർഭൂതം കണക്കെയാണ് പ്രധാനമന്ത്രി തിമർത്താടിയത്. ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന വംശീയാധിക്ഷേപ വിഷമാണ് അദ്ദേഹം ചീറ്റിയത്. മുസ്ലിങ്ങൾക്ക് ഇന്ത്യയുടെ സ്വത്ത് കോൺഗ്രസ് വീതിച്ച് കൊടുക്കുമെന്നും 'ഇൻഡ്യ' സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും വെവ്വേറെ ബഡ്ജറ്റായിരിക്കുമെന്നും പച്ചക്കള്ളം എഴുന്നള്ളിച്ചു. മുസ്ലിങ്ങൾ പെറ്റുകൂട്ടി അംഗസംഖ്യ വർധിപ്പിക്കുകയാണെന്ന് ആക്ഷേപിച്ചു. ശശികല ടീച്ചറുടെ പ്രേതം ആവാഹിച്ച മോദിയെയാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടമായപ്പോൾ രാജ്യം കണ്ടത്. പെരുംനുണ പറഞ്ഞ് ബംഗാളിൽ നിന്ന് സീറ്റുകൾ വാരിക്കൂട്ടാനാണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടത്. വർഗീയതയുടെ ചീഞ്ഞുനാറുന്ന മാറാപ്പഴിച്ച സ്ഥലത്തെല്ലാം ബി.ജെ.പി തോറ്റ് തുന്നം പാടി. 2019-ൽ ലോകസഭയിൽ 303 സീറ്റോടെ ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇക്കുറി 240 സീറ്റേ കിട്ടിയുള്ളൂ.

നിലവിലെ ഭരണഘടന മാറ്റി, അർ.എസ്.എസ് രൂപീകരിച്ചതിൻ്റെ നൂറാം വാർഷികമാഘോഷിക്കുന്ന 2025-ൽ ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ പദ്ധതിയാണ് ഇന്ത്യൻ ജനത പൊളിച്ചു കയ്യിൽ കൊടുത്തത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം പോയിട്ട്, കേവല ഭൂരിപക്ഷം പോലും ബി.ജെ.പിക്ക് സ്വന്തമായിട്ടില്ല. ഒരു ബില്ല് പാസ്സാകണമെങ്കിൽ ചന്ദ്രബാബു നായിഡുവിൻ്റെ കാല് പിടിക്കണം. നിതീഷ് കുമാറിൻ്റെ പുറം ചൊറിയണം. ഭരണഘടനയുടെ മേൽ കൈവെക്കാൻ പോയിട്ട് ഒന്ന് തുറിച്ച് നോക്കാൻ പോലും മോദിക്കും അമിത്ഷാക്കും കഴിയില്ല. മൂന്നാം തവണ ഇന്ത്യ ഭരിക്കാൻ പോകുന്ന പാർട്ടിക്ക് പഞ്ചാബിലും തമിഴ്നാട്ടിലും കിട്ടിയത് വലിയ രണ്ട് 'മത്തങ്ങ'! ബി.ജെ.പിയുടെ വോട്ടിംഗ് വിഹിതത്തിലും സാരമായ ഇടിവുണ്ടായി.

ഭൂരിപക്ഷത്തിൻ്റെ കാര്യത്തിൽ നരേന്ദ്രമോദി ഏറെ പിറകിലേക്ക് തള്ളപ്പെട്ടു. കുതന്ത്രം മാത്രം കൈമുതലാക്കിയ മോദി തന്ത്രിയുടെ വേഷമിട്ട് ആളുകളെ പറ്റിക്കാൻ നോക്കിയത് ജനങ്ങൾക്ക് തീരെ ബോധിച്ചിട്ടില്ല. കൂടുതൽ ഭൂരിപക്ഷം കിട്ടിയവരുടെ പട്ടികയിൽ താഴെ നിന്ന് മേൽപ്പോട്ട് എണ്ണുമ്പോൾ മാത്രമാണ് മോദിയുടെ പേര് കാണാനാവുക. കാശിയിലെ വിശ്വനാഥക്ഷേത്രം സ്ഥിതി ചെയ്യുന്ന വാരാണസിയിൽ നിറം മങ്ങിയ വിജയമാണ് നരേന്ദ്രമോദിക്ക് ഉണ്ടായത്. ഗ്യാൻവാപ്പി മസ്ജിദ് കയ്യേറി പൊളിക്കാൻ നീക്കം നടക്കുന്ന മണ്ഡലവും കൂടിയാണ് വാരാണസി. ഇന്ത്യയിലെ സാധാരണ മനുഷ്യർ, അവർ ഏതുമതക്കാരായാലും സമാധാനം ആഗ്രഹിക്കുന്നു. എല്ലാ ഭരണയന്ത്രങ്ങളും നഗ്നമായി ദുരുപയോഗിച്ചു. രാഷ്ട്രീയ എതിരാളികളുടെ സാമ്പത്തിക സ്രോതസ്സുകളിൽ കൈവെച്ച് ഭീഷണിപ്പെടുത്തി. ഈഡിയേയും ഇൻകംടാക്സ് ഡിപ്പാർട്ടുമെൻ്റിനെയും കളത്തിലിറക്കി കള്ളക്കേസുകൾ ചുമത്തിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയടക്കം തടവിലാക്കി. പച്ചയായ ജനാധിപത്യ ലംഘനം എല്ലാ അതിർവരമ്പുകളും ഭേദിച്ചു. ആവനാഴിയിലെ അവസാന അസ്ത്രവും പുറത്തെടുത്താണ് മോദിയും-അമിത്ഷായും അന്തിമ 'യുദ്ധത്തിന്' ഇറങ്ങിയത്. 110 കോടിയിലധികം വരുന്ന ഹൈന്ദവ വിശ്വസികൾ പക്ഷെ, അവരിൽ വേണ്ടത്ര വിശ്വാസം രേഖപ്പെടുത്തിയില്ല. മതേതര വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ ഒരു നിയമ നിർമ്മാണത്തിനും ബി.ജെ.പിയുടെ കൈ പാർലമെൻ്റിൽ ഉയരില്ല. ജുഡീഷ്യറിയെ ചൊൽപ്പടിക്ക് നിർത്താനും അവർക്ക് കഴിയില്ല. ദുർബലനായ മോദിയുടെ ദയനീയ മുഖമാണ് ഇനി രാജ്യം കാണാൻ പോകുന്നത്. അമിത്ഷാ എന്ന പുലിയെ എലിയാക്കിയ തെരഞ്ഞെടുപ്പാണ് 2024-ലേത്.

എൻ.ഡി.എ ഘടകകക്ഷികളല്ലാത്ത എല്ലാ പാർട്ടികളെയും "ഇൻഡ്യ" സഖ്യത്തിൻ്റെ ഭാഗമാക്കി നല്ല തയ്യാറെടുപ്പ് നടത്തി 2029-ലോ അതിന് മുമ്പോ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ, രാഹുൽഗാന്ധിക്ക് 'ഇൻഡ്യ' സഖ്യത്തിൻ്റെ പ്രധാനമന്ത്രിയാകാം. കഴിഞ്ഞ തവണ 52 സീറ്റുണ്ടായിരുന്ന കോൺഗ്രസ് 48 സീറ്റുകൾ അധികം നേടി 100 തികച്ചു. സഖ്യ കക്ഷികൾക്ക് ലഭിച്ച 134 കൂടി ചേർത്താൽ 'ഇൻഡ്യ' മുന്നണിക്ക് 234 സീറ്റുണ്ട്. പാർലമെൻ്റ് നടക്കുമ്പോഴുള്ള നരേന്ദ്രമോദിയുടെ ലോകം ചുറ്റലും പാർലമെൻ്റിൽ വരാതെയുള്ള ഒഴിഞ്ഞു നടപ്പും ഇനി നടക്കില്ല. നിനക്കാത്ത നേരത്താകും പ്രതിപക്ഷം 'പോൾ' ആവശ്യപ്പെടുക. കേവലഭൂരിപക്ഷം കടന്ന് വെറും 21 അംഗങ്ങളേ ട്രഷറി ബെഞ്ചിലുള്ളൂ. ഇത് നരേന്ദ്രമോദിയുടെ ഉറക്കം കെടുത്തും. വോട്ടിംഗ് ബെൽ കേട്ടാൽ എവിടെയാണെങ്കിലും മോദിയും അമിട്ടും ഓടിക്കിതച്ചെത്തേണ്ടിവരും. ഒരുപക്ഷെ ഭഗവാൻ ശ്രീരാമൻ മോദിക്ക് കൊടുത്ത 'ശിക്ഷ'യാകും ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാമൂഴം. സഹോദര മതസ്ഥരുടെ ആരാധനാലയം പൊളിച്ചു പണിതേടത്ത് നടത്തിയ പ്രതിഷ്ഠ, സർവ്വമത സ്നേഹിയായ ഭഗവാന് അത്ര പിടിച്ചിട്ടുണ്ടാവില്ല. ഒന്നിൽ തുടങ്ങി മൂന്നിൽ അവസാനിക്കാൻ പോകുന്ന ബി.ജെ.പിയുടെ അവസാനത്തെ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി. 2024-ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഫലം പറയാതെ പറയുന്നത് ആ സത്യമാണ്.

കേരളത്തിൽ 2019-ലെ പോലെത്തന്നെ UDF മുന്നേറ്റമാണ് 2024-ലും കണ്ടത്. കേരളപ്പിറവിക്ക് ശേഷം നടന്ന 11 പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിൽ എട്ടെണ്ണത്തിലും യു.ഡി.എഫിനായിരുന്നു മേൽക്കൈ. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സാന്നിദ്ധ്യം ഇക്കുറിയും യു.ഡി.എഫിന് തുണയായി. നരേന്ദ്രമോദിയുടെ വംശവെറിമൂത്ത ഭരണനടപടികൾ ന്യൂനപക്ഷങ്ങളെയും പൊതു സമൂഹത്തെയും ഭയചകിതരാക്കി. മേൽ സാഹചര്യങ്ങളാണ് യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത ലീഡ് അവർക്ക് സമ്മാനിച്ചത്. ഗംഭീര വിജയം നേടിയ കേരളത്തിൽ നിന്നുള്ള 20 എം.പിമാരെയും അഭിനന്ദിക്കുന്നു. കേരളത്തിൽ കഴിഞ്ഞ തവണ കോൺഗ്രസ് നേടിയ തൃശൂരിൽ സുരേഷ് ഗോപിക്ക് വ്യക്തിപ്രഭാവത്തിലാണെങ്കിലും 'താമര' ചിഹ്നത്തിൽ ജയിക്കാനായത് കേരളത്തിൻ്റെ മതനിരപേക്ഷ പാരമ്പര്യത്തെ കുത്തി നോവിച്ചു കൊണ്ടേയിരിക്കും. എന്നാലും ഒരു "തനി ബി.ജെ.പി"ക്കാരനെ ജയിപ്പിച്ചില്ലല്ലോ എന്ന് തൽക്കാലത്തേക്കെങ്കിലും നമുക്ക് സമാശ്വസിക്കാം. കോൺഗ്രസ്സിൻ്റെ സിറ്റിംഗ് സീറ്റാണ് സുരേഷ് ഗോപി കൊത്തിക്കൊണ്ടു പോയത്. 2019 ലെ തെരഞ്ഞെടുപ്പിൽ 4.14 ലക്ഷം വോട്ട് നേടിയാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്രതാപൻ വിജയിച്ചത്. ഇത്തവണ തൃശിവപേരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന് കിട്ടിയത് 3.16 ലക്ഷം വോട്ടുകൾ മാത്രമാണ്. ഒരുലക്ഷം വോട്ടിൻ്റെ കുറവ്. കോൺഗ്രസ്സിൻ്റെ പെട്ടിയിൽ നിന്ന് മുങ്ങിയ ആ ഒരു ലക്ഷം വോട്ടുകൾ പൊങ്ങിയത് സുരേഷ് ഗോപിയുടെ പെട്ടിയിലാണ്. എന്നാൽ ഇടതുപക്ഷത്തിന് കഴിഞ്ഞ തവണ കിട്ടിയതിനെക്കാൾ നാമമാത്രമാണെങ്കിലും വോട്ടുകൾ കൂടി. നേമത്തും നിയമസഭയിൽ താമര വിരിഞ്ഞത് കോൺഗ്രസ് പിന്തുണച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച പണം കിട്ടാതെ പോയപ്പോഴാണ്. ആ എക്കൗണ്ട് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂട്ടിയത് സഖാവ് ശിവൻകുട്ടിയാണ്. തൃശൂരിൽ സഖാവ് സുനിൽകുമാറിനാണോ ആ ധർമ്മം 2029-ൽ നിർവ്വഹിക്കാനാവുക? കാത്തിരുന്ന് കാണാം.

ഇടതുപക്ഷ മുന്നണിക്ക് 2019-ൽ കിട്ടിയ ഒരു സീറ്റ് നിലനിർത്താനായി. അന്ന് പരാജയ കാരണങ്ങൾ അവധാനതയോടെ പാർട്ടി വിശകലനം ചെയ്തു. രണ്ട് വർഷം കഴിഞ്ഞ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റോടെ പിണറായി വിജയൻ സർക്കാരിന് തുടർഭരണം ലഭിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഐതിഹാസിക വിജയം! 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് പരാജയവും ശരിയാംവിധം അപഗ്രഥനം ചെയ്യാൻ പാർട്ടി തയ്യാറാകുമെന് എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന ഏറെ പ്രതീക്ഷ നൽകുന്നു. ചില മേഖലകളിലുണ്ടായ നികുതി വർധനവും, സാമ്പത്തിക പ്രയാസം മൂലം യഥാസമയത്ത് കൊടുക്കാൻ കഴിയാതെ പോയ സാമ്പത്തിക ആനുകൂല്യങ്ങളും, ചില പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പെരുമാറ്റവും, എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വന്ന കാലതാമസവും, മധ്യവർഗ്ഗത്തെ സ്വാധീനിക്കാൻ കഴിയാതെ പോയതും, പാർലമെൻ്റിലെ ഇടതുപക്ഷ സാന്നിദ്ധ്യത്തിൻ്റെ പ്രസക്തി ന്യൂനപക്ഷങ്ങളെ വേണ്ടവിധം ബോദ്ധ്വപ്പെടുത്താൻ സാദ്ധ്യമാകാതിരുന്നതും അടക്കമുള്ള നാനോൻമുഖമായ പ്രശ്നങ്ങൾ ഇടതുപക്ഷ കക്ഷികൾ മുടിനാരിഴകീറി വിലയിരുത്തുമെന്ന് തന്നെയാണ് പാർട്ടി സെക്രട്ടേറിയേറ്റിൻ്റെ പത്രക്കുറിപ്പിൽ നിന്ന് മനസ്സിലാക്കേണ്ടത്.

അവസാനത്തെ തെരഞ്ഞെടുപ്പല്ല കഴിഞ്ഞത്. 2025 ൽ തദ്ദേശ തെരഞ്ഞെടുപ്പുണ്ട്. 2026-ൽ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്നു. തോൽവിയിൽ മനംചത്തിരിക്കേണ്ടവരല്ല ഇടതുപക്ഷ പ്രവർത്തകർ. പാവപ്പെട്ടവരുടെ അഭ്യുന്നതിക്ക് വേണ്ടി പോരാടാൻ രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അധികാര ലബ്ധിയും അധികാര നഷ്ടവും അമിതാവേശമുണ്ടാക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യേണ്ട വിഷയങ്ങളല്ല. പൊതുപ്രവർത്തന വീഥിയിൽ ജയവും പരാജയവും സർവ്വസാധാരണമാണ്. പൂജ്യത്തിൽ നിന്നുള്ള ഉയിർത്തെഴനേൽപ്പാണ് വിപ്ലവകാരികൾക്ക് എന്നും പ്രിയം. നഷ്ടങ്ങളുടെ ഇന്നലകളെക്കുറിച്ച് ആലോചിച്ച് ആരും തല പുണ്ണാക്കേണ്ട. നേടാനുള്ള നാളയെ കുറിച്ചുള്ള സ്വപ്നങ്ങളാണ് നെയ്യേണ്ടത്. ലാൽസലാം.

തമിഴ്നാട്ടിലെ ബിജെപിയുടെ തിരിച്ചടി ഹിന്ദുത്വ രാഷ്ട്രീയത്തെ ജനങ്ങൾ തിരസ്കരിച്ചത് കൊണ്ടല്ല; അണ്ണാമലൈ
dot image
To advertise here,contact us
dot image