
May 15, 2025
02:45 AM
കൊല്ലം: കെഎസ്ആർടിസിയും ഇനി സ്മാർട്ട് ആകും. ബസ് കാത്ത് നിൽക്കാതെ കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാൻ ഇനി കെഎസ്ആർടിസിയുടെ പുതിയ ആപ്പ് സഹായിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസ് വരുന്ന സമയം മുതൽ സീറ്റ് ലഭ്യത, ബസ് എവിടെയെത്തി, വരുന്ന സമയം വരെ പുതിയ ആപ്പ് വരുന്നതോടെ മുൻകൂട്ടിയറിയാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാകും. ആപ്പിന്റെ ട്രയൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ആറ് സെക്കൻഡിലും ജിപിഎസ് ട്രാക്കിങ്ങിലൂടെ വിവരങ്ങൾ ആപ്പിൽ റിഫ്രഷ് ആയിക്കൊണ്ടിരിക്കും. ഓൺലൈൻ റിസർവേഷൻ സൗകര്യം വിപുലീകരിക്കാനും പദ്ധതിയുണ്ട്. ബസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൺട്രോൾ റൂമിൽ അറിയാനുള്ള സൗകര്യവും ഉണ്ടാകുന്നതാണ്.
ഇതുകൂടാതെ യാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ ഓരോ പ്രധാന സ്റ്റോപ്പിലും ടിവിയിലൂടെ നൽകുകയും ചെയ്യും. ഇതിനായി എല്ലാ ബസിലും ടിവി സ്ക്രീൻ സംവിധാനവും കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. കെഎസ്ആർടിസിക്ക് സാങ്കേതിക സൗകര്യമൊരുക്കുന്നതിനായി ചില സ്റ്റാർട്ടപ്പ് കമ്പനികളുമായി കെഎസ്ആർടിസി അധികൃതർ ചർച്ചയിലാണ്. ഒരു ടിക്കറ്റിന് 15 പൈസ എന്നതാണ് നിലവിൽ കമ്പനി സർവീസ് ചാർജായി ഈടാക്കുന്നത്.
എന്നാൽ വിദ്യാർഥികളുടെ കൺസഷൻ ടിക്കറ്റിനും മറ്റും ഈ നിരക്ക് അനുവദിക്കാൻ കഴിയില്ലെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടിണ്ട്. ആപ്പ് സംവിധാനമടക്കം പുതിയ സൗകര്യങ്ങളെത്തുന്നതോടെ നിരവധി ബസുകൾ ഒരേ റൂട്ടിൽ വരുന്നത് ഒഴിവാക്കാൻ സാധിച്ചേക്കും. എംഎൽഎമാരുടെ ഫണ്ടിൽ നിന്ന് പണം സമാഹരിക്കുന്നതിന് നടപടികളും ആരംഭിച്ചു കഴിഞ്ഞു. ജൂൺ നാല് മുതൽ ഏഴ് വരെ ഓരോ ഡിപ്പോയ്ക്കും കംപ്യൂട്ടർ നൽകും.
ബസിൽ ബിസ്കറ്റും ലഘുപാനീയങ്ങളും അടങ്ങുന്ന റാക്കുകൾ സജ്ജീകരിക്കാനും ഇതോടൊപ്പം ആലോചിക്കുന്നുണ്ട്. പുതിയ എസി സൂപ്പർ ഫാസ്റ്റ് ബസുകളിലെ ഈ പരീക്ഷണം ലാഭകരമാണെന്ന് കണ്ടെത്തിയതോടെയാണ് ഇത്. ട്രയൽ റണ്ണിലൂടെ എത്ര ടിക്കറ്റ് വിറ്റുപോകുന്നതിന്റെയും എത്ര കളക്ഷൻ ലഭിച്ചു എന്നതിന്റെയും ഏതു ഡിപ്പോയാണ് കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം മൊബൈൽ ഫോണിൽ ലഭ്യമാകുന്നുണ്ട്. യാത്രക്കാർക്ക് മുൻകൂർ പണമടച്ച് വാങ്ങാവുന്ന സ്മാർട്ട് കാർഡുകള് ഏർപ്പെടുത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ഈ അധ്യയനവര്ഷം ഭിന്നശേഷി സൗഹൃദമായിരിക്കും, പാഠപുസ്തകത്തിലെ വൈറലായ ചിത്രം കുട്ടികള് വരച്ചത്: മന്ത്രി