'അടിച്ച് കേറി വാ മക്കളേ..., എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്'; ആശംസകളുമായി കേരള പൊലീസ്

കേരള പൊലീസിന്റ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആശംസകളും ഒപ്പം സ്കൂളിൽ പോകും വഴി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പൊലീസ് ഓർമ്മിപ്പിച്ചത്

dot image

തിരുവനന്തപുരം: വേനലവധിയൊക്കെ കഴിഞ്ഞ് പുതിയ ക്ലാസുകളിലേക്ക് പോകുന്നതിന്റെ ഉത്സാഹത്തിലാണ് കുട്ടികൾ. പുത്തനുടുപ്പും ബാഗും കുടയും മാത്രമല്ല, പുതിതായി ക്ലാസിലെത്തുന്ന കൂട്ടുകാരെയും കാണാനുള്ള ആകാംക്ഷയും ഇന്ന് അവരുടെ മുഖത്ത് കാണാം. ഇതിനിടെ സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് പ്രവേശനോത്സ ആശംസകൾ നേരുകയാണ് കേരള പൊലീസ്, ഒപ്പം മുൻകരുതലകളും.

കേരള പൊലീസിന്റ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആശംസകളും ഒപ്പം സ്കൂളിൽ പോകും വഴി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പൊലീസ് ഓർമ്മിപ്പിച്ചത്. ചുറ്റിലേക്കും തലയുയർത്തി നോക്കണമെന്നും എന്ത് ആവശ്യത്തിനും തങ്ങൾ കൂടെയുണ്ടെന്നും കുറിപ്പിൽ പറയുന്നു. അത്യാവശ്യം വന്നാൽ വിളിക്കേണ്ട നമ്പറും പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.

'പ്രിയപ്പെട്ട കുട്ടികളെ, സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു അധ്യയന വർഷത്തിലേക്ക് മക്കൾ പ്രവേശിക്കുകയാണ്. കളിയും ചിരിയും കൊച്ചു കൊച്ചു പിണക്കവും മധുരമായ ഇണക്കവും ഇഴചേരുന്ന സ്കൂൾ കാലം. മഴ നനഞ്ഞൊട്ടിയും, വെള്ളം തട്ടിത്തെറിപ്പിച്ചും, കിളികളോടും, തൊടികളോടും വർത്തമാനം പറഞ്ഞും നടന്നൊരു ബാല്യം ഓർമയിലോടിയെത്തുന്നു.

മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്രവായന ശീലമാക്കുക. സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക.

റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കുക. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു.

അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവർ നൽകുന്ന ഭക്ഷണം വാങ്ങി കഴിക്കുകയോ ചെയ്യരുത്. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു.'

മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്തും പത്ത് വർഷത്തിന് ശേഷമുള്ള പാഠപുസ്തക മാറ്റങ്ങളുമടക്കം ഈ അധ്യയന വർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.

അതേസമയം, സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളാണ് വിദ്യാർത്ഥികളും അധ്യാപകരും ഓരോ സ്കൂളുകളിലും ഒരുക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image