ഓവുചാലിൽ വീണ് പരിക്ക്; വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

ചെളിപുരണ്ട് അവശനായ ഭർത്താവിനെ കണ്ടതും ഭാര്യ കുഴഞ്ഞുവീഴുകയായിരുന്നു

dot image

കാഞ്ഞങ്ങാട്: ഓവുചാലിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് 'ദീപ'ത്തിൽ മീരാ കാംദേവ് ആണ് മരിച്ചത്. വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ടാണ് കുഴഞ്ഞ് വീണത്. കഴിഞ്ഞ ദിവസം രാവിലെ 8.30-ഓടെ റേഷൻകടയിൽ പോയി മടങ്ങിവരവേയാണ് ഭർത്താവ് എച്ച് എൻ കാംദേവ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് വഴുതി വീണത്.

റോഡരികിലെ ഓവുചാലിൻ്റെ തുടക്കത്തിൽ മാത്രമാണ് സ്ലാബ് ഉള്ളത്. ഒരാൾ താഴ്ചയുള്ള ചാലിൽ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവർ പുറത്തേക്കെടുത്തു. കൈമുട്ടിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതിനാൽ കാറിൽ വീട്ടിലേക്കു കൊണ്ടുപോയി. ചെളിപുരണ്ട് അവശനായ ഭർത്താവിനെ കണ്ടതും ഭാര്യ കുഴഞ്ഞുവീഴുകയായിരുന്നു. അതേ കാറിൽ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ മരിക്കുകയായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ പുതിയകോട്ട പൊതുശ്മശാനത്തിൽ.

മക്കൾ: രാകേഷ് (കാനഡ), ദീപാ രമേഷ് (ചെന്നൈ) ശില്പാ വിഷ്ണു( ദുബായ്). മരുമക്കൾ: സന്ധ്യ (കാനഡ), ആർ രമേഷ് (ചെന്നൈ), വിഷ്ണു രാജശേഖരൻ (ദുബായ്). സഹോദരങ്ങൾ: ചന്ദ്രൻ, വിവേക്, വേണി, ശശികല

കനത്തമഴ: മീനച്ചില്, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്ന്നു, ജാഗ്രത പാലിക്കണമെന്ന് കളക്ടര്
dot image
To advertise here,contact us
dot image