
May 22, 2025
04:17 AM
മലപ്പുറം: പെരിന്തല്മണ്ണയില് പതിനാലുകാരിയെ പീഡിപ്പിച്ച കേസില് പിതാവിന് ഇരട്ട ജീവപര്യന്തം. കാളികാവ് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് 42കാരനെ പെരിന്തല്മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്. 2016 മുതല് തുടര്ച്ചയായി മൂന്ന് വര്ഷം പെണ്കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇരട്ട ജീവപര്യന്തത്തിനു പുറമെ 38 വര്ഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില് രണ്ട് വര്ഷവും ഒന്പത് മാസവും അധിക തടവും അനുഭവിക്കണം.
രണ്ട് പോക്സോ വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാത്ത പക്ഷം രണ്ട് വര്ഷം കഠിന തടവും അനുഭവിക്കണം. മറ്റ് രണ്ട് പോക്സോ വകുപ്പില് 35 വര്ഷം തടവും 25,000 രൂപ പിഴയും, പിഴ അടയ്ക്കാത്തപക്ഷം ഒമ്പത് മാസം തടവും അനുഭവിക്കണം. ജീവപര്യന്തം തടവ് എന്നത് പ്രതിയുടെ ജീവിതാവസാനം വരെ ആണെന്നും മറ്റ് വകുപ്പിലെ ശിക്ഷ അനുഭവിച്ച ശേഷമേ ജീവപര്യന്തം ശിക്ഷ തുടങ്ങാവു എന്ന് വിധിയില് പ്രത്യേകം പറഞ്ഞിട്ടുണ്ട്. കേസില് പ്രോസിക്യൂഷന് ഭാഗം 16 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകള് ഹാജരാക്കി. പ്രതിയെ താനൂര് സെന്ട്രല് ജയിലിലേക്കയച്ചു.