
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അന്ന് അഞ്ച് ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്ട്ടുള്ളത്. മൂന്ന് ജില്ലകളില് യെല്ലോ അലേര്ട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, തൃശൂര് ജില്ലകളിലാണ് യെല്ലോ അലേര്ട്ട്.
അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയില് ഉണ്ടായതുപോലുള്ള മേഘവിസ്ഫോടനം പോലെ കനത്തമഴ വരും ദിവസങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര് പറയുന്നത്. ലാ നിന, ഐഒഡി പ്രതിഭാസങ്ങള് കൂടിയെത്തിയാല് മണ്സൂണ് കാലത്ത് കേരളം കനത്ത ജാഗ്രത പുലര്ത്തേണ്ടിവരുമെന്നും കാലാവസ്ഥാ നിരീക്ഷകര് മുന്നറിയിപ്പ് നല്കുന്നു.
ദീര്ഘകാല ശരാശരിയുടെ ആറ് ശതമാനം വരെ അധികം മഴ ലഭിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്. കാലവര്ഷത്തിനൊപ്പം കനത്ത മഴ നല്കുന്ന രണ്ട് പ്രതിഭാസങ്ങള് കൂടി ഇത്തവണ പ്രതീക്ഷിക്കാം. ലാ നിന, ഇന്ത്യന് ഓഷന് ഡൈപോള് പ്രതിഭാസങ്ങള് ഒരുമിച്ചെത്തുന്നത് അപ്രതീക്ഷിത കാലാവസ്ഥയ്ക്കുള്ള ഘടകങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകര് കരുതുന്നു.
ഒരു മണിക്കൂറില് 100 മില്ലിമീറ്റര് മഴ ലഭിച്ചാല് അത് മേഘവിസ്ഫോടനമാകും. കൊച്ചിയില് ഇന്നലെ ഒരു മണിക്കൂറിനിടെ പെയ്തത് 103 സെന്റിമീറ്റര് മഴയാണ്. 14 കിലോമീറ്റര് മുകളിലെത്തിയ മഴ മേഘങ്ങളാണ് കൊച്ചിയിലെ മേഘവിസ്ഫോടനത്തിന് കാരണം. വടക്ക് പടിഞ്ഞാറന് കാറ്റ് ഈ മഴ മേഘങ്ങളെ കൊച്ചി തീരത്തെത്തിച്ചു. അപ്രതീക്ഷിതമായ ഇത്തരം മേഘ വിസ്ഫോടനങ്ങള് ഇനിയും കരുതിയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധര് ഓര്മ്മിപ്പിക്കുന്നു. കേരളത്തിലെ മണ്സൂണ് കാലത്തില് മാറ്റമുണ്ടായെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തതമാക്കിയിട്ടുണ്ട്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് കേരളത്തില് അസാധാരണമായ മേഘവിസ്ഫോടനം ഉള്പ്പടെയുള്ള പ്രതിഭാസങ്ങള് ഉണ്ടാകുന്നത്.