പുത്തന് സ്വിഫ്റ്റ് ബസുകളുടെ ചെയ്സിസ് പൊട്ടിയ സംഭവം; ഇടപെട്ട് ഗതാഗത മന്ത്രി, Reporter Big Impact

അശോക് ലെയ്ലാന്ഡ് കമ്പനിയോട് വിശദീകരണം ചോദിച്ചുവെന്ന് മന്ത്രി

dot image

തിരുവനന്തപുരം: പുത്തന് സ്വിഫ്റ്റ് ബസുകളുടെ ചെയ്സിസ് പൊട്ടിയ റിപ്പോര്ട്ടര് വാര്ത്തയ്ക്ക് പിന്നാലെ നടപടിയുമായി ഗതാഗത മന്ത്രി. അശോക് ലെയ്ലാന്ഡ് കമ്പനിയോട് വിശദീകരണം ചോദിച്ചുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര് അറിയിച്ചു. ഇത് കെഎസ്ആര്ടിസിയിലെ ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം റിപ്പോര്ട്ടറിനോട് പ്രതികരിച്ചു.

ബസിന്റെ ചെയ്സിസ് പൊട്ടാറില്ല. വലിയ തടികൊണ്ടുപോകുന്ന ലോറിയുടെ പൊട്ടും. റോഡുകളില് പൊട്ടാനുള്ള സാധ്യതയില്ല. ഒരു വണ്ടിയുടെ ചെയ്സിസിന്റെ രണ്ട് ഭാഗവും പൊട്ടി. ഇക്കാര്യത്തില് അശോക് ലെയ്ലാന്ഡ് കമ്പനിയോട് വിശദീകരണം ചോദിച്ചു. കെഎസ്ആര്ടിസി എംഡി മെയില് അയച്ചു കഴിഞ്ഞു. വിഷയം എഞ്ചിനീയറിംഗ് വിഭാഗത്തോട് അന്വേഷിക്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

'നിര്മ്മാണത്തിലെ അപകാത തന്നെയാണ് ചെയ്സിസ് പൊട്ടാന് കാരണമെന്നാണ് എഞ്ചിനീയര്മാര് പറയുന്നത്. ഔദ്യോഗികമായ വിലയിരുത്തല് നിര്മ്മാണത്തിലെ അപാകതയെന്നാണ്. റോഡിന്റെയോ ഓടിച്ച ആളുടെയോ കുഴപ്പമല്ല. ബോഡി ബില്ഡ് അലൈന്മെന്റ് വ്യത്യാസം വന്നാലും പൊട്ടും. എങ്ങനെ പൊട്ടി എന്ന് കണ്ടുപിടിക്കും. നിര്മ്മാണത്തിലെ അപാകതയാണെങ്കില് ഒരു ബാച്ചിന് മൊത്തം വരും. രേഖകളെല്ലാം പരിശോധിക്കും.

എന്താണ് കമ്പനി ഇങ്ങനെയൊരു സാധനം നമുക്ക് തന്നത്, ഇങ്ങനെ ഉണ്ടാവാറില്ല എന്നാണ് വിദഗ്ധരും പറയുന്നത്. രണ്ട് വണ്ടികളുടേത് പൊട്ടി എന്ന് സിഎംഡി പറഞ്ഞു. അറ്റകുറ്റപ്പണി നടത്തുന്നു എന്ന് വാര്ത്ത കൊടുക്കണ്ട, ഞങ്ങളങ്ങനെ ചെയ്യില്ല, ബസ് റോഡിലും ഇറങ്ങില്ല. കമ്പനി തന്നെ വരണം. അവര് നന്നാക്കി തരണം. കുറച്ച് പണം കൊടുക്കാനുണ്ട്. കമ്പനി വന്ന് നന്നാക്കുന്നത് വരെ പണം കൊടുക്കില്ല. രണ്ട് വണ്ടിയും വെല്ഡ് ചെയ്ത് ഇനി ഓടിക്കില്ല. നന്നാക്കി തന്നില്ലെങ്കില് ഈ കമ്പനിയില് നിന്ന് ഇനി വണ്ടി എടുക്കണോ എന്ന് തീരുമാനിക്കും. ഇതില് തീരുമാനം ആയാലേ ബാക്കിയുള്ള പണം കൊടുക്കൂ.

രണ്ട് വണ്ടികള് പരിശോധിച്ച ശേഷം ആ ബാച്ചിലെ ബസുകള് പരിശോധിക്കും. തല്ക്കാലം മറ്റ് ബസുകളില് പ്രശ്നം കാണുന്നില്ല. എത്ര വലിയ ഗട്ടറില് വീണാലും ചെയ്സിസ് പൊട്ടില്ല. ക്വാളിറ്റി കണ്ട്രോളിന്റെ ഓകെ സ്റ്റിക്കര് ബസുകളില് ഉണ്ടായിരുന്നോ എന്നും പരിശോധിക്കും', മന്ത്രി വ്യക്തമാക്കി.

2022 മാര്ച്ചില് രജിസ്റ്റര് ചെയ്ത ബസിന്റെ ചെയ്സിസായിരുന്നു പൊട്ടിയത്. 2022ല് 131 ബസ്സുകള് കെഎസ്ആര്ടിസി ഒന്നിച്ച് വാങ്ങിയിരുന്നു. ഇതില് ഉള്പ്പെട്ട എസി ബസുകളുടെ ചെയ്സിസാണ് പൊട്ടിയത്. ഇതോടെ ഈ സമയത്ത് വാങ്ങിയ മറ്റ് ബസ്സുകളുടെ കൂടി ചെയ്സിസുകള് പൊട്ടുമോ എന്ന് ആശങ്കയിലായിരുന്നു ജീവനക്കാര്. ബസിന്റെ എറ്റവും പ്രധാന ഭാഗമായ ചെയ്സിസ് പൊട്ടുന്നത് അപകടങ്ങള്ക്ക് കാരണമാകും.

dot image
To advertise here,contact us
dot image