
/topnews/kerala/2024/05/28/landslide-in-kottayam
കോട്ടയം: കോട്ടയത്ത് ഉരുള്പൊട്ടലില് വ്യാപകനാശനഷ്ടം. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്പൊട്ടലുണ്ടായത്. പ്രദേശത്തെ ഏഴ് വീടുകള് ഉരുള്പൊട്ടലില് തകര്ന്നു. വ്യാപകമായി കൃഷിനാശമുണ്ടായി. ആളയപായമില്ല. കോട്ടയത്ത് ഇന്ന് രാവിലെ മുതല് അതിശക്തമായ മഴയാണ്.
തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമലയിലും ഉരുള് പൊട്ടലുണ്ടായി. ഉരുളില് നരിമറ്റം ചോവൂര് ഇലവുമ്പാറ പൊതുമരാമത് റോഡ് തകര്ന്നു. പിണക്കാട്ട് കുട്ടിച്ചന്റെ വീടിന്റെ സമീപത്തുള്ള ആട്ടിന് കൂടും ഒലിച്ചുപോയി. കല്ലേപുരയ്ക്കല് ജോമോന്, ജോര്ജ് പീറ്റര്, മൂത്തനാനിക്കല് മനോജ് എന്നിവരുടെ പുരയിടത്തില് വ്യാപക കൃഷി നാശമുണ്ടായി.
കോട്ടയം ജില്ലയില് വരും ദിവസങ്ങളില് മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള് ലഭിച്ചതിനാല് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്കല്ല്, മാര്മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ് റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടര് വി വിഗ്നേശ്വരി ഉത്തരവ് പുറത്തിറക്കി.
അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില് റെഡ് അലേര്ട്ട്,മൂന്ന് ജില്ലകളില് ഓറഞ്ച് മുന്നറിയിപ്പ്