
കോഴിക്കോട്: യൂട്യൂബര് അനില് ബാലചന്ദ്രന്റെ പരിപാടി നിര്ത്തിവെക്കാനുള്ള കാരണം വിശദീകരിച്ച് സംഘാടകര്. കഴിഞ്ഞ ചൊവ്വ, ബുധന് ദിവസങ്ങളില് കോഴിക്കോട് ട്രേഡ് സെന്ററില് വെച്ച് നടന്ന റോട്ടറി ഇന്റര്നാഷണലിന്റെ മെഗാ ബിസിനസ് കോണ്ക്ലേവിലാണ് അനില് ബാലചന്ദ്രന്റെ സംസാരം വാക്കേറ്റത്തെ തുടര്ന്ന് പാതിവെച്ച് നിര്ത്തലാക്കിയത്. ഉച്ചയ്ക്ക് നടക്കേണ്ട പരിപാടിയില് ആളുകുറവെന്ന് പറഞ്ഞ് അനില് ബാലചന്ദ്രന് ഹോട്ടലില് നിന്ന് വേദിയിലേക്ക് വരാന് തയ്യാറായില്ലെന്ന് സംഘാടകര് പറഞ്ഞു. ഒരു മണിക്കൂറോളം വൈകിയാണ് പരിപാടി തുടങ്ങിയത്. എന്നാല്, സംസാരത്തിനിടെ തുടര്ച്ചയായി അസഭ്യവാക്ക് ഉപയോഗിച്ചതോടെ വ്യാപാരികള് ഇടപെട്ട് പരിപാടി നിര്ത്തിവെക്കുകയായിരുന്നു. അനില് ബാലചന്ദ്രനെതിരേ കൈയേറ്റ ശ്രമവും ഉണ്ടായി. തുടര്ന്ന് പരിപാടി നിര്ത്തിവെപ്പിക്കുകയായിരുന്നു.
പ്രസംഗത്തിൽ ബിസിനസുകാരെ തുടരെ തെറി പറഞ്ഞ് അനില് ബാലചന്ദ്രന്; ചോദ്യം ചെയ്ത് കാണികള്, കൂകിവിളി'എന്തുകൊണ്ടാണ് സെയില്സ് ക്ലോസ് ചെയ്യാന് പറ്റാത്തത്?' എന്ന വിഷയത്തിലായിരുന്നു അനില് ബാലചന്ദ്രന്റെ സംസാരം. കസ്റ്റമറുടെ പിറകെ തെണ്ടാന് നാണമില്ലേ എന്നു പറഞ്ഞാണ് അനില് ബാലചന്ദ്രന് സംസാരം തുടങ്ങിയത്. തുടര്ന്ന് വ്യവസായികളെ 'തെണ്ടികള്' എന്നു വിളിച്ച് തെറിവിളി തുടര്ന്നതോടെയാണ് കേട്ടുനിന്നവര് പ്രതിഷേധിച്ചത്. പരിപാടിക്കെത്തിയവര് ബഹളം വച്ചതോടെ സംഘാടകര് ഇടപെട്ട് പരിപാടി നിര്ത്തിക്കുകയായിരുന്നു. വേദിയില് നിന്ന് ഇറങ്ങി കാറിലേന്ന് നീങ്ങുന്നതിനിടെയും അനിലിനെതിരെ കൈയ്യേറ്റ ശ്രമമുണ്ടായിരുന്നു.