
തിരുവനന്തപുരം: മദ്യനയത്തില് സര്ക്കാര് ഇളവുകള്ക്ക് തയ്യാറായേക്കില്ലെന്ന് സൂചന. ബാര് കോഴ ആരോപണത്തില് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില് പ്രാരംഭ ചര്ച്ചകള് പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്.
അതേസമയം ബാര്കോഴ ആരോപണത്തില് പ്രതിപക്ഷം പ്രതിഷേധം ശക്തമാകുമ്പോള് പ്രതിരോധം തീര്ക്കുകയാണ് സിപിഐഎം. മദ്യനയത്തില് സര്ക്കാരോ പാര്ട്ടിയോ ചര്ച്ച തുടങ്ങിയിട്ടില്ലെന്നിരിക്കെ ഇപ്പോഴുള്ള ആരോപണങ്ങള് അടിസ്ഥാന രഹിതമാണെന്നാണ് സിപിഐഎം നിലപാട്. വിഷയത്തില് സിപിഐ നേതൃത്വം മൗനം തുടരുകയാണ്. മന്ത്രി എംബി രാജേഷ് നല്കിയ പരാതിയില് ക്രൈംബ്രാഞ്ച് ഉടന് അന്വേഷണം തുടങ്ങും.
യുഡിഎഫ് കാലത്തേക്കാള് കര്ക്കശമായ സമീപനമാണ് ബാറുകളുടെ കാര്യത്തില് എല്ഡിഎഫ് സര്ക്കാര് സ്വീകരിച്ചതെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചിരുന്നു. ഫെഡറേഷന് ഓഫ് കേരള ഹോട്ടല്സ് അസോസിയേഷനിലെ ആഭ്യന്തര തര്ക്കങ്ങളുടെ ഭാഗമായാണ് ശബ്ദസന്ദേശം പുറത്തുവന്നതെന്ന് വിശദീകരിക്കുമ്പോഴും സിപിഐഎം പ്രതിരോധത്തിലാണ്.
മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്ന അവശ്യം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധം കനക്കുമെന്ന വിലയിരുത്തലില് കൂടിയാണ് രാജി ആവശ്യം പാര്ട്ടി സെക്രട്ടറി ആദ്യം തന്നെ തള്ളിയത്. പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത സിപിഐ നേതൃത്വം വിവാദത്തില് സിപിഐഎമ്മിന് ഒപ്പമാണ്. മന്ത്രി ഡിജിപിക്ക് പരാതി നല്കിയതിനെ സിപിഐ സ്വാഗതം ചെയ്യുന്നു. അതേസമയം മന്ത്രിയുടെ പരാതിയില് ക്രൈംബ്രാഞ്ച് ഉടന് അന്വേഷണം ആരംഭിക്കും. ഇന്നലെ മന്ത്രി നല്കിയ പരാതി ഡിജിപി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയിരുന്നു.