
കുറ്റിക്കാട്ടൂർ: കെഎസ്ഇബിയുടെ അനാസ്ഥ മൂലം മരിച്ച മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സർക്കാരിനേട് ആവശ്യപ്പെട്ടു. നേരത്തെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ സര്ക്കാര് തീരുമാനിച്ചിരുന്നു. കെട്ടിടത്തിൻ്റെ ഷെഡിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്നാണ് ആലി മുസ്ലിയാരുടെ മകനും യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഫിയുടെ സഹോദരനുമായ മുഹമ്മദ് റിജാസ് (18) മരിച്ചത്. അപകടം നടന്നത് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന ഇലക്ടിക്കൽ ഇൻസ്പകറ്ററേറ്റിൻ്റെ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ മെയ് 17ന് തന്നെ സർവീസ് ലൈനിൽ നിന്ന് ഷെഡിലേക്ക് വൈദ്യുതി പ്രവാഹം ഉണ്ട് എന്ന് കെഎസ്ഇബി കോവൂർ സെക്ഷൻ ഓഫീസിലേക്ക് ഫോണിലും തുടന്ന് രേഖാമൂലവും പരാതിപ്പെട്ടിട്ടും ഉദ്യേഗസ്ഥൻ വന്ന് നോക്കി പോയി എന്നതല്ലാതെ തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്. 'ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായി. കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് യുവാവിൻ്റെ ദാരുണമായ അന്ത്യം ഉണ്ടായത്. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടപ്പം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും' രമേശ് ചെന്നിത്തല പറഞ്ഞു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കേസ് ജൂൺ 25 ന് കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
മെയ് 21 നാണ് കോഴിക്കോട് കുറ്റികാട്ടൂരിൽ മഴ നനയാതിരിക്കാൻ കയറിയ കടയിലെ ഇരുമ്പു തൂണിൽ നിന്ന് റിജാസിന് ഷോക്കേൽക്കുന്നത്. കുറ്റിക്കാട്ടൂർ പുതിയൊട്ടിൽ ആലി മുസ്ലിയാർ നദീറ ദമ്പതികളുടെ മകനായ റിജാസ് പ്ലസ് ടു ഫലം അറിഞ്ഞതിനുശേഷം ഏവിയേഷൻ കോഴ്സിന് പോകാനിരിക്കെയായിരുന്നു അപകടം.
വീണ്ടും ബാർ കോഴ? ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും പണം, അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്