
കാസർഗോഡ്: കാഞ്ഞങ്ങാട്ട് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ആഭരണം കവർന്ന കേസിലെ പ്രതിയെ തിരിച്ചറിയുന്നതിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. കുടക് സ്വദേശി സലീമിനെയാണ് സിസിടിവി ദൃശ്യങ്ങളിലുടെ തിരിച്ചറിഞ്ഞത്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തു നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്റെ രേഖാചിത്രം പൊലീസ് വരച്ചിരുന്നു.
രണ്ടു കേസുകളിലും ഇയാൾ ഒരേ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സമയത്ത് കുട്ടിയുടെ വീടിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവിയിലും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.സംഭവ ശേഷം ഒളിവിൽപ്പോയ പ്രതിക്കായി പൊലീസ് കർണാടകയിൽ അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അതിജീവിതയായ കുട്ടിയുടെ വീടിന് സമീപം താമസിക്കുകയാണ് ഇയാളും കുടുംബവും. നേരത്തെയും ഇയാൾ പോക്സോ കേസിൽ പ്രതിയാണ്. ബന്ധുവായ പെൺകുട്ടിയെ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ കർണാടകയിലെ കുടക്, സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി കേസുകളും നിലവിലുണ്ട്.