പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവം; പ്രതിക്കായി അന്വേഷണം തുടരുന്നു

പ്രദേശവാസികളില് ആരെങ്കിലുമാകാം കുറ്റം ചെയ്തതെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്

dot image

കാസര്കോട്: പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില് പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര് നിലവില് നിരീക്ഷണത്തിലുണ്ട്.

മെയ് 15ന് പുലര്ച്ചെ രണ്ടര മണിയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി വയല് പ്രദേശത്ത് ഉപേക്ഷിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് സംഭവം നടന്ന് രണ്ട് ദിവസങ്ങള് കൊണ്ട് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തു. ഒടുവില് സാഹചര്യ തെളിവുകള് അനുകൂലമല്ലാത്തതിനാല് യുവാവിനെ കസ്റ്റഡിയില് നിന്നും കഴിഞ്ഞ ദിവസം വിട്ടയച്ചു.

നോര്ത്ത് ഡിഐജി തോംസണ് ജോസിന്റെ മേല്നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിവൈഎസ്പി വി വി ലതീഷിന്റെ നേതൃത്വത്തില് 26 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചു വന്നത്. എന്നാല് അന്വേഷണ സംഘത്തെ വിപുലീകരിച്ച് 32 അംഗ പ്രത്യേക സ്ക്വാഡ് ആക്കി മാറ്റി.

സംശയം തോന്നുന്ന നാലുപേര് പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിയിലേക്ക് എത്തുന്നതായാണ് അന്വേഷണസംഘം നല്കുന്ന വിവരം. കൃത്യം നടന്ന പ്രദേശത്തിന് പുറമേ മറ്റ് ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പൊലീസ് ഇന്നലെ മുതല് പരിശോധന തുടങ്ങി. സംഭവം നടന്ന അന്നുമുതല് പ്രദേശവാസികളില് ആരെങ്കിലുമാകാം കുറ്റം ചെയ്തതെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. ഈ വിലയിരുത്തല് ശരിവെക്കുന്ന രീതിയില് തെളിവുകള് ലഭിച്ചിട്ടുണ്ട് എന്നാണ് അന്വേഷണസംഘം പറയുന്നത്. കഴിഞ്ഞദിവസവും അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് പ്രത്യേക അവലോകന യോഗം ചേര്ന്നിരുന്നു.

dot image
To advertise here,contact us
dot image