
പത്തനംതിട്ട: മദ്യലഹരിയില് പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയില്. പത്തനംതിട്ട പറക്കോട് ബാറിന് മുന്നിലാണ് ഈ സംഭവം. പറക്കോട് സ്വദേശി ദീപുവാണ് അറസ്റ്റിലായത്. റോഡരികിലെ ഓടയില് നിന്ന് പിടികൂടിയ പാമ്പുമായായിരുന്നു അഭ്യാസ പ്രകടനം. ഇയാള് മദ്യലഹരിയിലായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ഓടയില് ഇറങ്ങി പാമ്പിനെ പിടികൂടുന്നതും കഴുത്തില് ചുറ്റുന്നതും വീഡിയോയില് വ്യക്തമാണ്. ഓടയില് നിന്ന് കയറാന് കൂടി നിന്നവര് പറയുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെയായിരുന്നു അഭ്യാത പ്രകടനം. അങ്ങനെ ചെയ്യല്ലേ ചത്തുപോകുമെന്ന് ചുറ്റുമുള്ളവര് പറയുന്നതും വീഡിയോയില് കേള്ക്കാം.
ഒടുവില് പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പിന് കൈമാറുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്. പാമ്പിനെ പിടിക്കുന്നതില് മുന്പരിചയമോ വനം വകുപ്പിന്റെ ലൈസന്സോ ഇല്ലാത്തയാളാണ് ദീപു. വീരപരിവേഷം കിട്ടാന് പെരുമ്പാമ്പിനെ പൊതുജനമധ്യത്തില് പ്രദര്ശിപ്പിച്ചു, പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവം ഏല്പ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്.