
ഡൽഹി: ബിജെപി ആസ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നടത്താനിരുന്ന മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. ബിജെപി ആസ്ഥാനത്തേക്കുള്ള എഎപി മാർച്ച് അനുവദിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിൻ്റെ അറസ്റ്റ് അടക്കം ഉയർത്തിയാണ് മാർച്ച്. ഡൽഹിയിലെ ആം ആദ്മി പാർട്ടി മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, കോർപ്പറേഷൻ കൗൺസിലർമാർ, പ്രവർത്തകർ അടക്കം പങ്കെടുക്കുന്ന മാർച്ചാണ് തീരുമാനിച്ചിരുന്നത്.
സ്വാതി മലിവാളിന് എതിരായ അതിക്രമ കേസിൽ അറസ്റ്റിലായ കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിന് പിന്തുണയുമായാണ് മാർച്ചിന് ആസൂത്രണം ചെയ്തത്. നേതാക്കളുടെ അറസ്റ്റുകൾ എല്ലാം ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനെന്നാണ് കെജ്രിവാളും ആം ആദ്മി പാർട്ടിയും ആരോപണം ഉന്നയിക്കുന്നത്. സ്വാതി മലിവാളിന്റെ അടുത്ത രാഷ്ട്രീയ നീക്കം ഏറെ പ്രധാനപ്പെട്ടതാണ്. ബിജെപിയുടെ ചട്ടുകമായി എന്ന് ആം ആദ്മി തന്നെ ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ സ്വാതി ബിജെപിയിലേക്ക് പോകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
അതേസമയം ബിഭവ് കുമാറിനെ കെജ്രിവാൾ സംരക്ഷിക്കുന്നു എന്നാണ് ബിജെപി ആരോപണം. അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ ബിജെപിയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. എഎപി മാർച്ചിൻ്റെ പശ്ചാത്തലത്തിൽ ബിജെപി ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. കസ്റ്റഡിയിലുള്ള ബിഭവ് കുമാറിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.