
തിരുവനന്തപുരം: തിരുവനന്തപുരം മേയര് ആര്യാ രാജേന്ദ്രനും കെഎസ്ആര്ടിസി ഡ്രൈവര് യദുവും തമ്മിലുള്ള തര്ക്കത്തില് പുതിയ കണ്ടെത്തലുമായി മോട്ടോര് വാഹനവകുപ്പ്. യദു ഓടിച്ച ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവര്ത്തിക്കുന്നില്ലെന്ന് കണ്ടെത്തല്. രണ്ട് മാസമായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണെന്നും ജിപിഎസ് മാസങ്ങളായി പ്രവര്ത്തിക്കുന്നില്ലെന്നും മോട്ടോര് വാഹനവകുപ്പ് കണ്ടെത്തി. പൊലീസിന്റെ ആവശ്യപ്രകാരമാണ് മോട്ടോര് വാഹന വകുപ്പ് പരിശോധന നടത്തിയത്.
അതിനിടെ തനിക്ക് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഡ്രൈവര് യദു രംഗത്തെത്തി. സാധാരണക്കാരന് ആയത് കൊണ്ടാണ് താന് കൊടുത്ത പരാതി പരിഗണിക്കാത്തത്. പദവിയും പാര്ട്ടിയുമൊക്കെ ഉള്ളത് കൊണ്ട് മേയരുടെ പരാതിയില് ആണ് പൊലീസ് കേസ് അന്വേഷിക്കുന്നതെന്നും യദു പറഞ്ഞു. കേസില് മേയരുടെ രഹസ്യ മൊഴി രേഖപെടുത്തും. സിജെഎം കോടതിയിലും നീതി കിട്ടിയില്ലെങ്കില് ഹൈകോടതിയെ സമീപിക്കുമെന്നും യദു പറഞ്ഞു. വിവാഹ ബന്ധം വേര്പ്പെടുത്തിയ തന്റെ ഭാര്യയെയും കേസില് മേയര് തനിക്കെതിരെ ഉപയോഗിക്കുന്നുവെന്നും ജീവന് പോവുന്നത് വരെ നീതിക്ക് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും യദു റിപ്പോര്ട്ടറിനോട് പറഞ്ഞു.