
മലപ്പുറം: പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് റിസോര് ട്ടിലും ഫ്ലാറ്റിലും കൊണ്ടുപോയി പീഡിപ്പിച്ചതിൽ പോക്സോ കേസ് എടുത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി. കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നതായും അതിജീവിതയും പിതാവും വെളിപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും അതിജീവിതയുടെ പിതാവ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തി.
പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായും കേസ് എടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ലെന്നും പിതാവ് വെളിപ്പെടുത്തി. മൊഴിയെടുക്കാനെന്ന പേരിൽ പെൺകുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അപമാനിച്ചു. കുട്ടിയോട് സംസാരിച്ച് കേസ് എടുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. മൊഴിയുടെ പകർപ്പ് പൊലീസ് കാണിച്ചില്ല. തങ്ങളാണ് പ്രതികൾ എന്ന രീതിയിലുള്ള പെരുമാറ്റം സ്റ്റേഷനിൽ നിന്ന് ഉണ്ടായി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെ അതിജീവിതയുടെ പിതാവ് ഉന്നയിച്ചിരിക്കുന്നത്. കൊണ്ടോട്ടി സ്വദേശി ആഷിക്കാണ് പ്രതിയെന്നും ഇയാളുമായുള്ള ബന്ധത്തെ തുടർന്നാണ് ഭാര്യയുമായി പിരിഞ്ഞതെന്നും അതിജീവിതയുടെ പിതാവ് പറഞ്ഞു. ആഷിക് പണം നൽകി സ്വാധീനിച്ചതു കൊണ്ടാകും പൊലീസ് നടപടി എടുക്കാത്തത്. സംഭവത്തിൽ ബന്ധമുള്ള എല്ലാ പ്രതികളും അറസ്റ്റിലാവണമെന്നും അതിജീവിതയുടെ പിതാവ് ആവശ്യപ്പെട്ടു.
വയനാടും, കോഴിക്കോടും കൊണ്ടുപോയി ഉപദ്രവിച്ചതായാണ് അതിജീവിത റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയത്. രണ്ടിടങ്ങളിൽ വെച്ചും അങ്കിൾ (പ്രതി) മോശമായി പെരുമാറി. ആഷിഖ് എന്നയാളാണ് അങ്കിൾ, ഏഴുവർഷമായി വീട്ടിൽ വരാറുണ്ട്. ആരാണെന്ന് ചോദിച്ചപ്പോൾ, ആവശ്യമില്ലാത്തത് ചോദിക്കരുതെന്ന് മാതാവ് പറഞ്ഞു. പൈസ കിട്ടാനാണ് ആഷിഖിന്റെ കൂടെ പോകുന്നതെന്ന് മാതാവ് പറഞ്ഞു. പുറത്തുപറഞ്ഞാൽ അങ്കിൾ വെട്ടിക്കൊല്ലുമെന്ന് മാതാവ് പറഞ്ഞു. പിതാവിനെ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി. പൊലീസുകാരോട് പറഞ്ഞപ്പോഴും വിശ്വസിച്ചില്ലെന്നും അങ്കിൾ ചെയ്യാത്ത തെറ്റല്ലേ എന്ന് ചോദിച്ചുവെന്നും അതിജീവിത പറഞ്ഞു. ചെയ്ത തെറ്റെന്ന് ആവർത്തിച്ചുവെന്നും അങ്കിൾ അറിഞ്ഞുകൊണ്ട്തന്നെയാണ് അങ്ങനെ പെരുമാറിയതെന്നും അതിജീവിത റിപ്പോർട്ടറിനോട് വെളിപ്പെടുത്തി.