
കൊച്ചി: നൂറിലേറെപ്പേരിൽ നിന്ന് 25 കോടിയിലേറെ തുക നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി സുനീഷ് നമ്പ്യാരെയാണ് എറണാകുളം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 'നാം ഇൻഡക്സ് ഡെറിവേറ്റിവ്സ്' എന്ന പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്ത് പ്രഫഷണൽ ട്രേഡ് ഷെയറിങ് കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാൾ കബളിപ്പിച്ചത്. ഡോക്ടർമാർ, വ്യവസായികൾ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.
ലണ്ടനിൽ ബാങ്കുദ്യോഗസ്ഥനായിരുന്നെന്നും, അതുവഴി ഡെറിവേറ്റിവ് ട്രേഡിങിൽ വിദഗ്ധനാണെന്നും പറഞ്ഞ് സുനീഷ് ആളുകളെ തെറ്റിദ്ധരിപ്പിച്ചു. ഷെയർ മാർക്കറ്റ് വിദഗ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ നിക്ഷേപത്തുകയുടെ 25 മുതൽ 30 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തു. ആദ്യഘട്ടങ്ങളിൽ രണ്ടോ മൂന്നോ പേരിൽ നിന്നും ചെറിയ തുകകൾ നിക്ഷേപമായി സ്വീകരിച്ചു. അതിൽനിന്ന് തന്നെ ലാഭവിഹിതം എന്ന പേരിൽ പണം അയച്ചുകൊടുക്കുകയും വിശ്വാസം നേടിയെടുത്ത ശേഷം ആദ്യനിക്ഷേപകരുടെ സുഹൃത്തുക്കളെ പ്രതി വലയിലാക്കുകയും ചെയ്തു.
ഗൾഫിൽ ഉന്നത നിലയിൽ ജോലിചെയ്തിരുന്ന ആളുകളിൽ നിന്നാണ് ഇത്തരത്തിൽ ഭീമമായ തുക സംഭരിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മേഖലാ എസ്പി എ ജി ലാൽ, ഡിവൈഎസ്പി റോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം സുനീഷിനെ കാക്കാനാട് ജില്ലാ ജയിലിലേക്ക് മാറ്റി.