
May 16, 2025
08:08 PM
തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില് വെച്ച് സോളാര് വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന് ഫിലിപ്പ്. സെക്രട്ടേറിയറ്റ് വളയല് സമരം വിഎസിന്റെ പിടിവാശിയെ തുടര്ന്നാണ് ഉണ്ടായത്. സമരം തീര്ക്കണം എന്ന ആഗ്രഹം എല്ഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നു. താനും ജോണ് ബ്രിട്ടാസും ചേര്ന്ന് തിരുവഞ്ചൂരിന്റെ വീട്ടില് പോയി. പിണറായിയും ജോണ് ബ്രിട്ടാസും ആശയവിനിമയം നടത്തി. സമരം ഒത്തുതീര്പ്പാക്കേണ്ടത് കേരളത്തിന്റെ ആവശ്യമായിരുന്നുവെന്നും ചെറിയാന് ഫിലിപ്പ് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
'സമരം മുന്നോട്ട് പോയാലുള്ള പ്രത്യാഘാതങ്ങള് ഇരുകൂട്ടരും ചര്ച്ച ചെയ്തിട്ടുണ്ട്. ജോണ് ബ്രിട്ടാസുമായി നടത്തിയ ചര്ച്ചയുടെ അടിസ്ഥാനത്തില് അല്ല സമരം ഒത്തുതീര്പ്പായത്. അതൊരു ഘടകം മാത്രമായിരുന്നു. സമരം ഒത്തുതീര്പ്പാക്കേണ്ടത് പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ആവശ്യമായിരുന്നു. സമരം അവസാനിപ്പിക്കാന് ആര് മുന്കൈ എടുത്തു എന്നതിന് പ്രസക്തിയില്ല.
ജോണ് മുണ്ടക്കയത്തിന്റെ റോള് ഇതില് എന്താണെന്ന് എനിക്കറിയില്ല. ഞാനൊരു ദൃക്സാക്ഷി എന്ന നിലയില് മാത്രമാണ് പ്രതികരിക്കുന്നത്. തിരുവഞ്ചൂര് രാധാകൃഷ്ണന് വിളിക്കുമ്പോള് ഫോണ് ജോണ് ബ്രിട്ടാസിന് ഞാന് കൈമാറുകയായിരുന്നു. തിരുവഞ്ചൂരിനെ കാണാന് ഞാനും ജോണ് ബ്രിട്ടാസും ഒരുമിച്ച് പോയിട്ടുണ്ട്. കേരളം ഒരു കലാപ ഭൂമിയാക്കുന്നതില് രണ്ട് കക്ഷികള്ക്കും താല്പ്പര്യം ഉണ്ടായിരുന്നില്ല. അത് ഒഴിവാക്കാനായാണ് എല്ലാ ചര്ച്ചകളും നടത്തിയത്. അല്ലാതെ അതിന് പിന്നില് ഒരു ഡീലും ഇല്ല.
സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയംസമരം തുടങ്ങുന്നതിന് തലേ ദിവസം തന്നെ അവസാനിപ്പിക്കാനുള്ള ചര്ച്ചകള് നടന്നിരുന്നു. തിരുവഞ്ചൂര് രാധാകൃഷ്ണനുമായി സമരം നടക്കുന്നതിന്റെ തലേദിവസം തന്നെ സമരം അവസാനിപ്പിക്കാന് ഉള്ള ചര്ച്ചകള് നടന്നിരുന്നു. സമരം നടക്കുന്നതിന് മുമ്പ് തന്നെ സമരം അവസാനിപ്പിക്കണമെന്ന ആഗ്രഹം സിപിഐഎം നേതാക്കള്ക്ക് ഉണ്ടായിരുന്നു. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള് വളരെ വലുതാണെന്ന് പല നേതാക്കളും തിരിച്ചറിഞ്ഞിരുന്നു', ചെറിയാന് ഫിലിപ്പ് പ്രതികരിച്ചു.
വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ